ആലപ്പുഴ: കോവിഡ് പരിശോധന വർദ്ധിപ്പിക്കാനും പരിശോധനയുടെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും കൂടുതൽ പരിശോധന കിയോസ്‌കുകൾ തുടങ്ങാൻ തീരുമാനിച്ചു. രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ നഗരസഭാ പരിധിയിൽ കുറഞ്ഞത് രണ്ട് കിയോസ്‌കുകൾ എങ്കിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എ. അലക്സാണ്ടർ വിവിധ നഗരസഭാ സെക്രട്ടറിമാർക്ക് നിർദേശം നൽകി.

കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കലക്ടർ ആവശ്യപ്പെട്ടു. നഗരസഭാ പരിധിയിൽ ഇത്തരത്തിൽ ആരംഭിക്കുന്ന കിയോസ്‌കുകൾ സ്വകാര്യ മേഖലയ്‌ക്കോ നഗരസഭകളിലുള്ള ആശുപത്രികളിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾക്കോ നടത്താം. സ്വകാര്യ സംരംഭകർക്കാണ് നടത്തിപ്പ് ചുമതല നൽകുന്നതെങ്കിൽ കിയോസ്‌കുകൾ പൂർണമായി അവരുടെ ചെലവിൽ സ്ഥാപിക്കണം. നഗരസഭകൾ അതത് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾക്കാണ് ചുമതല നൽകുന്നതെങ്കിൽ കിയോസ്‌ക് സ്ഥാപിക്കുന്നതിനുള്ള സഹായം നാഷണൽ ഹെൽത്ത് മിഷൻ നൽകും. രണ്ടു ദിവസത്തിനകം കിയോസ്‌കുകൾ തുടങ്ങാനുള്ള നടപടിയെടുക്കാൻ ദേശീയ ആരോഗ്യ മിഷനെ കളക്ടർ ചുമതലപ്പെടുത്തി.

കിയോസ്‌കുകളിലെ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കാം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് കിയോസ്‌കുകളിൽ ഉണ്ടാവുക.