
ചെങ്ങന്നൂരിലെ ഉദയകുമാർ ജില്ലാ സ്റ്റേഡിയവും രാജാ കേശവദാസ് സ്വിമ്മിംഗ് പൂളും ഡിസംബറിൽ തുറന്നുകൊടുക്കും
ആലപ്പുഴ : ജില്ലയുടെ കായിക മേഖലയുടെ വളർച്ചക്ക് വേഗം കൂട്ടാൻ കായിക വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. അനുവദിച്ച സ്റ്റേഡിയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
100 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചും അല്ലാതെയും 20 ൽപ്പരം ഇടത്തരം ഇൻഡോർ, ഔട്ട്ഡോർ സ്റ്റേഡിയങ്ങളുടെ നിർമാണം തുടങ്ങി. ചെങ്ങന്നൂരിലെ ഉദയകുമാർ ജില്ലാ സ്റ്റേഡിയവും അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജാ കേശവദാസ് സ്വിമ്മിംഗ് പൂളും ഡിസംബറിൽ കായിക മേഖലക്ക് തുറന്ന് നൽകുമെന്ന് കായികവകുപ്പ് അധികൃതർ അറിയിച്ചു. 49 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം. കായിക മേഖലക്ക് ഉതകുന്ന സ്റ്റേഡിയങ്ങൾ ഇല്ലെന്നത് ജില്ലയ്ക്ക് വലിയ പരിമിതിയായിരുന്നു. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന നഗരത്തിലെ ഇ എം എസ് സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. സ്റ്റേഡിയത്തിന്റെ അലൈൻമെന്റുകളുടെ ക്രമീകരണം തെറ്റായാണ് രേഖപ്പെടുത്തിയതിനാൽ ഇവിടെ സിന്തറ്റിക്ക് ട്രാക്ക് അടക്കമുള്ള സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞില്ല.
തുടർന്നാണ് ജില്ലയിലെ കായിക മേഖലയുടെ സമഗ്രവികസനത്തിന് വേണ്ടി കോടികൾ കിഫ്ബി വഴിയും അല്ലാതെയും സർക്കാർ മാറ്റിവച്ചത്. കായികവകുപ്പിന്റെ കീഴിലുള്ള എൻജിനീയറിംഗ് വിഭാഗവും കിറ്റ്കോയും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
100 : നടപ്പാക്കുന്നത് 100 കോടി രൂപയുടെ പദ്ധതികൾ
20 : ഇടത്തരം ഇൻഡോർ, ഔട്ട്ഡോർ സ്റ്റേഡിയങ്ങൾ
ജില്ലാ സ്റ്റേഡിയം
49 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചെങ്ങന്നൂരിലെ ഉദയകുമാർ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം. 20 ഏക്കർ ഭൂമിയാണ് ഇതിനായി വേണ്ടി വന്നത്. പതിനയ്യായിരം കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ഫുട്ബാൾ കോർട്ട്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ, 50: 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഹോക്കി കോർട്ട്, അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഔട്ട് ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗസ്റ്റ് റൂമുകൾ, ഹോസ്റ്റലുകൾ, തിയേറ്ററുകൾ എന്നിവ സജ്ജീകരിക്കും.
പ്രീതികുളങ്ങരയിൽ
ചെങ്ങന്നൂരിന് ശേഷം പഞ്ചായത്ത് അടിസ്ഥാനത്തിൽ ഉയരുന്ന സ്റ്റേഡിയമാണ് പ്രീതികുളങ്ങരയിലേത്. അഞ്ച് കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്. സിന്തറ്റിക്ക് ട്രാക്ക് അടക്കം അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഇതിന്റെ നിർമ്മാണം 99 ശതമാനം പൂർത്തിയായി. ഭാവി ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കാനുള്ള കിക്കോഫ് പദ്ധതി ഇവിടെ നടപ്പാക്കും. സ്റ്റേഡിയം വരുന്നതോടെ കലവൂരിലെ കുട്ടികൾക്ക് അത്യാധുനിക സൗകര്യങ്ങളിൽ മികച്ച പരിശീലനം നേടാനാകും.
മറ്റ് പദ്ധതികൾ
പള്ളിപ്പുറം എൻജിനിയറിംഗ് കോളേജ് മൈതാനത്തിന് 7.67 കോടി
കണിച്ചുകുളങ്ങര, ആര്യാട്, ഹരിപ്പാട്, താമരക്കുളം, മാവേലിക്കര എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിർമാണം പ്രാരംഭ ഘട്ടത്തിൽ
പരിപാലനം
പഞ്ചായത്ത് അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയങ്ങളുടെ പരിപാലനം അതാത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. സ്റ്റേഡിയങ്ങൾക്ക് ആവശ്യമായ കായിക ഉപകരണങ്ങളും നിർമ്മാണം തീരുന്ന സമയത്ത് കായിക വകുപ്പ് വിതരണം ചെയ്യും.