ആലപ്പുഴ: പട്ടണക്കാട് കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി, ഹൗസിംഗ് ഫെഡറേഷന് അടയ്ക്കാനുള്ള കുടിശികയുടെ പേരിൽ തടഞ്ഞുവച്ചിരിക്കുന്ന വീടിന്റെ പ്രമാണം ഉടൻ തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
സഹകരണ സംഘം അസി. രജിസ്ട്രാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി .മോഹനദാസ് നിർദ്ദേശം നൽകിയത്. ചേർത്തല വെട്ടയ്ക്കൽ കേച്ചേരിൽ വീട്ടിൽ മാർട്ടിൻ.കെ ബഞ്ചമിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ പിതാവാണ് 1999 സെപ്റ്റംബറിൽ പ്രമാണം ഈട് നൽകി 70,000 രൂപ വായ്പയെടുത്തത്. 2011 ജൂൺ 11 ന് 2,02,000 തിരികെ അടച്ചിട്ടും പ്രമാണം തിരികെ നൽകിയില്ലെന്നാണ് പരാതി.
കമ്മീഷൻ പട്ടണക്കാട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ വായ്പ തിരിച്ചടച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഫെഡറേഷനിലുള്ള വായ്പ പരാതിക്കാരന്റെ ബാധ്യതയല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഫെഡറേഷനിൽ നിന്നും രേഖ കിട്ടാൻ പട്ടണക്കാട് കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി അടയ്‌ക്കേണ്ട തുകയാണ് ബാധ്യതയായി നിൽക്കുന്നത്. പരാതിക്കാരന് പ്രമാണം നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.