കറ്റാനം: പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥവും പ്രാർത്ഥനയും വിശ്വാസികൾക്ക് അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയും കാരുണ്യവും നൽകുന്നുവെന്നു യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവോദോസിയോസ് പറഞ്ഞു. കട്ടച്ചിറ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ദിവ്യാത്ഭുത ദർശനത്തിന് പതിനൊന്നാമത് വാർഷികദിനത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം കട്ടച്ചിറ മരിയൻ തീർത്ഥാടന കേന്ദ്രം സമൂഹത്തിന് മാതൃകയായി ആതുര സേവന രംഗത്തും നിർദ്ധനരെ സഹായിക്കുന്നതിലും ഏറെ മുൻപിലാണെന്നു തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് പറഞ്ഞു. തീർത്ഥാടകർക്കായി നിർമ്മിച്ച വിശ്രമ കേന്ദ്രത്തിന്റെയും, ഷോപ്പിംഗ് കോംപ്ലെക്സിന്റെ യും ആദ്യ നിലയുടെ കൂദാശ കർമ്മവും ഇരുവരും ചേർന്ന് നിർവഹിച്ചു. കോവിഡ് നി​ബന്ധന പ്രകാരമാണ് ആരാധന നടത്തി​യത്. പെരുന്നാൾ നാളെ രാവിലെ വിശുദ്ധ കുർബാനയോടും നേർച്ചവിളമ്പോടും കൂടി അവസാനിക്കും.