
പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം മെഗാ ഫുഡ് പാർക്കിലെ മലിനജലം കൈതപ്പുഴ കായലിലേക്ക് ഒഴുക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുന്നു.
പൈപ്പിടൽ ജോലി തുടങ്ങി മൂന്നാം ദിവസമായ ഇന്നലേയും വൻ പ്രതിഷേധ സമരങ്ങൾ നടന്നു. പ്രതിഷേധത്തിനിടയിലും പൊലീസ് കാവലിൽ പൈപ്പിടീൽ ജോലികൾ പുരോഗമിക്കുന്നു. കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഡി.സി.സി. വൈസ് പ്രസിഡൻറ് ടി.ജി.രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. എം.ആർ.രവി, പി.ജി.മോഹനൻ, പി.ടി.രാധാകൃഷ്ണൻ .എൻ .പി.പ്രദീപ്,നിധീഷ് ബാബു, അപ്പുക്കുട്ടൻ നായർ ,ടോമി ഉലഹന്നാൻ, പി.സി.സിനിമോൻ, കെ.എ.സുധാകരൻ എന്നിവർ പ്രസംഗിച്ചു.
ബി.ജെ.പി. പള്ളിപ്പുറം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ,സംസ്ഥാന സമിതി അംഗം അഡ്വ.ബാലാനന്ദ് ഉദ്ഘാടനം ചെയ്തു. കണ്ണൻ,ഗോപിദാസ്, സുരേഷ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഫുഡ് പാർക്ക് പൈപ്പിടൽ കേന്ദ്രത്തിൽ നടത്തിയ ഉപരോധം ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു.
മത്സ്യതൊഴിലാളി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധം പി.എസ്.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കൈലാസൻ ,എൻ.പി.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.