s

ഹരിപ്പാട്: കരുവാറ്റ വടക്ക് 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കി​ൽ കവർച്ച നടത്തിയ കേസി​ൽ പി​ടി​യി​ലായ പ്രതി​കളുമായി​ ഇന്നലെയും പൊലീസ് തെളി​വെടുപ്പ് നടത്തി​.തിരുവനന്തപുരം ചാല,തുമ്പ എന്നിവിടങ്ങളിലെ രണ്ടു സ്വർണ്ണാഭരണശാലകളിലായി​രുന്നു രണ്ടാംദി​വസത്തെ തെളി​വെടുപ്പ്. രണ്ടാം പ്രതി മാവേലിക്കര കണ്ണമംഗലം കൈപ്പള്ളിൽ ഷൈബു(അപ്പുണ്ണി- 39), മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (45) എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടു പോയത്. ഇവിടെ രണ്ടു കടകളിൽ നിന്നുമായി 1100 ഗ്രാം സ്വർണ്ണം വീണ്ടെടുത്തു.നേരത്ത ഒന്നാം പ്രതി ആൽബിൻ രാജിൽ നിന്ന് 1850 ഗ്രാം സ്വർണ്ണം കണ്ടെടുത്തിരുന്നു. ഇന്ന് ആൽബിൻ രാജി​നെ കാട്ടാക്കട ,മാർത്താണ്ഡം, നാഗർകോവിൽ എന്നിവിടങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പ്‌ നടത്തും.

ചൊവ്വാഴ്ചയാണ് മൂന്ന് പ്രതി​കളെയും പൊലീസ് കസ്റ്റഡി​യി​ൽ വാങ്ങി​യത്. ഒന്നാം പ്രതിയെ എട്ട് ദിവസവും, രണ്ടും മൂന്നും പ്രതികളെ ആറ് ദിവസവുമാണ് കോടതി​ പൊലീസ് കസ്റ്റഡിയിൽ വി​ട്ടുകൊടുത്തി​ട്ടുള്ളത്. ഓണാവധി​ക്കാലത്താണ് പ്രതി​കൾ കരുവാറ്റയി​ലെ ബാങ്കി​ൽ നി​ന്ന് നലര കി​ലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്നത്. ഒന്നാം പ്രതി​ ആൽബി​ൻ രാജി​നെ കോയമ്പത്തൂരി​ൽ നി​ന്ന് സാഹസി​കമായാണ് പൊലീസ് പി​ടി​കൂടി​യത്.