ചേർത്തല:പള്ളിപ്പുറത്ത് 138 കോടി രൂപ മുടക്കി നിർമ്മിക്കുന്ന മെഗാ ഫുഡ്പാർക്ക് നാട്ടുകാരുടെ ആശങ്ക പരിഹരിച്ച് അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് സി.പി.എം ചേർത്തല ഏരിയ കമ്മി​റ്റി ആവശ്യപ്പെട്ടു.

കാലങ്ങളായി കാത്തിരുന്ന പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നവും കണക്കിലെടുക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയിൽ 23 മത്സ്യസംസ്‌കരണ യൂണി​റ്റുകളാണ് ആരംഭിക്കുന്നത്. അതിലൂടെ ആയിരക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കപ്പെടും.ഇങ്ങനെയുള്ള ബൃഹത്തായ പദ്ധതി ഒരുകാരണവശാലും മുടങ്ങരുത്.പാർക്കിൽനിന്ന് പുറംതള്ളുന്ന വെള്ളം അവിടെ പ്ലാന്റിൽ സംസ്‌കരിച്ചതാണ്.

പരമാവധി വെള്ളം പ്ലാന്റിൽതന്നെ ഉപയോഗിക്കണം.ശേഷിക്കുന്നത് മാത്രമേ പുറത്തേക്ക് ഒഴുക്കാവൂ. ഇതിനായി പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനം കെ.എസ്‌.ഐ.ഡി.സി നേരിട്ട് മേൽനോട്ടം വഹിക്കണം. . നിലവിലെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ജില്ലാഭരണകൂടം അടിയന്തരമായി ഇടപെടണം.പദ്ധതി മുടങ്ങുന്ന തരത്തിലെ പ്രക്ഷോഭങ്ങൾ വികസനവിരുദ്ധമാണ്.മലിനീകരണം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വംനൽകുമെന്നും ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ പറഞ്ഞു.