ചേർത്തല : തുറവൂർ താലൂക്ക് ആശുപത്രിയിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കെട്ടിട ഉദ്ഘാടനത്തെ കുറിച്ച് ആലോചിക്കാൻ വിളിച്ചപ്പോൾ അരൂർ എം.എൽ.എ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്രസമ്മേളനത്തിൽ ആരോപിച്ചു.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണിപ്രഭാകരനാണ് പരാതിയുമായി രംഗത്ത് വന്നത്.മുൻ എം.എൽ.എ എ.എം.ആരിഫിന്റെ കാലത്ത് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.ഇതിന്റെ ഉദ്ഘാടകനായി എം.പി.കൂടിയായ ആരിഫിനെ നിശ്ചയിച്ചതിലുള്ള വിരോധമാണ് അധിക്ഷേപത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തും സർക്കാരും നടത്തുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് എം.എൽ.എ നടത്തുന്നത്.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ബ്ലോക്ക് പഞ്ചായത്തിന് കൈമാറി കിട്ടിയതാണ് തുറവൂർ താലൂക്കാശുപത്രി.മുൻകാലങ്ങളിലെല്ലാം എല്ലാ ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയത്തിനതീതമായി കൂട്ടായാണ് വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്നതെന്നും അവർ പറഞ്ഞു.
ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ എ.ടി.ശ്രീജ,ഹേമ ദാമോദരൻ,ജയഅശോകൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.