
ചേർത്തല:വിധവയായ അമ്പിളിക്ക് വീടൊരുക്കി പഞ്ചായത്ത്.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഭർത്താവിന്റെ മരണശേഷം പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് പെൺമക്കളോടൊപ്പം വാസയോഗ്യമല്ലാത്ത കുടിലിൽ താമസിച്ചിരുന്ന കളരിക്കൽ അംബിളിക്കാണ് ഗ്രാമപഞ്ചായത്തും ജില്ലാപഞ്ചായത്തും ചേർന്ന് വീടൊരുക്കി നൽകിയത്. കുടുംബശ്രീയുടെ അഗതി ആശ്രയ പദ്ധതിയിൽപ്പെടുത്തിയാണ് മൂന്ന് സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ചത്. പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകിയപ്പോൾ സഹായത്തിനായി ബന്ധുക്കളും കൈകോർത്തു. വീടിന്റെ പ്രവേശന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസും താക്കോൽദാനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധുവിനുവും നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിനിത മനോജ് അദ്ധ്യക്ഷത വഹിച്ചു.സുധർമ്മസന്തോഷ്,സി.ഡി.എസ് പ്രസിഡന്റ് ശ്രീജാഷിബു,എ.ഡി.എസ് ഭാരവാഹികളായ പ്രേമ അജി,ഗീതമ്മ,ബിന്ദു എന്നിവർ പങ്കെടുത്തു.