saraswathy-

ശ്ലോകം എട്ട്

സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു
മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി! നീ.

സാരം
സർവ്വോപരി വ്യാവൃതമായ സത്തായി(ഉൺമയായും),ജീവന്റെ തലത്തിൽ സത്തും ചിത്തും കലർന്ന് ചേതനാരൂപമായ (ജ്ഞാനസ്വരൂപമായ്) നിന്നും വീണ്ടും സത്തും ചിത്തും ആനന്ദവും ചേർന്ന് സച്ചിദാനന്ദ സ്വരൂപമായ് അറിഞ്ഞനുഭവിക്കുന്ന സാധകന്റെ അന്ത:ക്കരണ ഹൃത്തടമായും ആ ഹൃദയത്തിന് കാരണമായ ആകാശം മുതലായ പഞ്ചഭൂത സംഘാതങ്ങളുടെ സൂക്ഷ്മാംശങ്ങളിൽ നിന്നുമുണ്ടായ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങൾ മുതലായതും,അവക്കെല്ലാം അനുഭവവേദ്യമാകുന്ന കൊത്തായ അസംഖ്യം വിഷയങ്ങളും അതിനെ ബാഹ്യവും ആന്തരികമായും അനുഭവിച്ചറിയുന്ന അനുഭവിയും അമ്മ തന്നെയാണ്.അഷ്ടൈശ്വര്യസിദ്ധികളുള്ള സിദ്ധൻമാരുടെ അനുഭൂതികൾക്കും അപ്പുറമായ് വിലസുന്ന നിന്റെ സ്വരൂപത്തെ ആർക്കും അറിയാൻ കഴിയാത പോകുന്നുവല്ലോ അമ്മേ...

ശ്ലോകം 9

ഭൂവാദി ഭൂതമതിനാവാസമില്ല വെറു-

മാഭാസമാമിതറിവി-

ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-

ലാപാദിതം ഭവതിയാൽ

നാവാദി തൻ വിഷയിതാവാസമറ്റ ഭവ-

ദാവാസമാകെ വിലസും

ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-

നീ! വാഴ്ത്തുവാനുമരുതേ!

സാരം
ഭൂമി മുതലായ പഞ്ചഭൂതങ്ങൾക്കൊന്നിന്നും ശരിയായ സ്ഥായി ഭാവമേ ഇല്ല, ഉണ്ടെന്നു തോന്നിപ്പിക്കുന്നത് വെറും ഭ്രമാത്മകത മാത്രമാണ്.പഞ്ചഭൂത നിർമ്മിതമായ പ്രപഞ്ച പ്രതിഭാസങ്ങൾ എല്ലാം തന്നെ പരമാത്മ സ്വരൂപത്തിന്റെ വിവിധ സ്ഫുരണാംശങ്ങൾ മാത്രം.ഏകമായ ആ പരമാത്മസ്വരൂപത്തെ വിക്ഷേപ ശക്തിയാൽ ഇങ്ങനെ നാനാവിധമായ് തോന്നിപ്പിക്കുന്നതും മഹാമായയാകുന്ന അമ്മ തന്നെയാണ്.അങ്ങനെയുള്ള ജനനിയെ കണ്ണ് ,മൂക്ക് ,നാക്ക് മുതലായ ജ്ഞാനേന്ദ്രിയങ്ങളാലും അവയുടെ വിഷയങ്ങളായ ദർശനം,ശ്വസനം,രസനം തുടങ്ങിയ അനുഭവങ്ങൾ കൊണ്ടും വർണ്ണിക്കുവാനോ ആർക്കും കഴിയില്ല.ഇപ്രകാരം നിഗൂഢമായ ജ്ഞാനസ്വരൂപിണിയുടെ കേന്ദ്ര സ്ഥാനമോ കാലാതീതമായതും സ്വയം നിലകൊള്ളുന്നതുമായ പ്രകാശ സ്വരൂപമായ ബ്രഹ്മസത്ത തന്നെ .അതിന്റെ നിജഭാവം ആരുമേ അറിയുന്നുമില്ല,നീ വർണ്ണനാതീത തന്നെ അമ്മേ !

വ്യാഖ്യാനം:സ്വാമി പ്രണവ സ്വരൂപാനന്ദ,ശ്രീനാരായണ തപോവനം,ചേർത്തല,ആലപ്പുഴ,ഫോൺ:9562543153.