ph

കായംകുളം ഗവ.ഹോമിയോ ആശുപത്രിക്ക് പരാധീനതകൾ മാത്രം

കായംകുളം: കായംകുളം സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടം തകർച്ചയിൽ. കഴിഞ്ഞ രണ്ടുവർഷക്കാലമായി മേൽക്കൂര തകർന്ന് ചോർന്നൊലിയ്ക്കുകയാണ്.

കായംകുളം ഐക്യജംഗ്ഷനിൽ പ്രവർത്തിക്കുന്ന തച്ചടി പ്രഭാകരൻ സ്മാരക സർക്കാർ ഹോമിയോ ആശുപത്രിയിൽ 2009 ൽ നിർമ്മിച്ച ഒ.പി ബിൽഡിംഗിന്റെ രണ്ടാം നിലയുടെ മേൽക്കൂര ഇരുമ്പ് സാമഗ്രികൾ ഉപയോഗിച്ചാണ് നിർമിച്ചത് .ഇപ്പോൾ ഷീറ്റുകൾ തുരുമ്പെടുത്തു നശിച്ചു . മേൽക്കൂര തകർന്നതോടെ സീലിംഗ് അ‌ടർന്നു വീഴുകയും ചെയ്തു .

ഒ.പി. ബിൽഡിംഗിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന സൂപ്രണ്ടിന്റെ മുറി, ഓഫീസ് മുറി, ചികിത്സയ്ക്കു ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളും മരുന്നുകളും സൂക്ഷിച്ചിട്ടുള്ള സ്റ്റോർ റൂം എന്നിവ ചോർച്ചയെത്തുടർന്ന് വെള്ളത്തിൽ മുങ്ങിയതോടെ ഈ വിഭാഗങ്ങൾ താഴത്തെ നിലയിലെ ഡോക്ടർമാരുടെ ചികിത്സാ മുറികളിലേക്ക് മാറ്റി . ഒ.പി ബിൽഡിംഗിന്റെ വടക്കുവശത്തായി 2012 ൽ വയലാർ രവി എം.പിയുടെ വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കിടത്തിചികിത്സയ്ക്കുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയും നിർമാണം പൂർത്തിയാക്കി അഞ്ചുവർഷം കഴിയും മുമ്പേ ചോർന്നൊലിക്കാൻ തുടങ്ങി . കെട്ടിടത്തിന്റെ ഭിത്തിയും ടോയ്ലറ്റും ഈർപ്പം പിടിച്ച് ദ്രവിച്ച അവസ്ഥയിലാണ്.

ജില്ലയിൽ മൂന്ന് ആശുപത്രികൾ

ആലപ്പുഴ, ചേർത്തല, കായംകുളം എന്നിവിടങ്ങളിലായി താലൂക്ക് തലത്തിലുള്ള മൂന്ന് സർക്കാർ ഹോമിയോ ആശുപത്രികളാണ് ജില്ലയിലുള്ളത്. ഇതിൽ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്ന കായംകുളം ഹോമിയോ ആശുപത്രിയിൽ ദിവസേന 200 ഓളം രോഗികളാണ് ഒ.പി വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന ആശുപത്രിയിൽ സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പടുത്തുവാനുള്ള സീതാലയം ക്ലിനിക് , കൗമാര പ്രായക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സദ്ഗമയ ക്ലിനിക് , ലഹരി മോചന ക്ലിനിക് , വന്ധ്യതാ നിവാരണ ക്ലിനിക് തുടങ്ങിയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

രണ്ടുവർഷം മുമ്പ് പണിപൂർത്തീകരിച്ച ലാബിലേക്കുള്ള ഉപകരണങ്ങൾക്കായി ഹോമിയോ ഡിപ്പാർട്ടുമെന്റ് പണമടച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങൾ ഇതുവരെയും എത്തിച്ചിട്ടില്ല .

റോഡും മലിനം
ആശുപത്രിയിലേക്കുള്ള റോഡ് സമീപത്തെ തൊഴുത്തിൽ നിന്നുള്ള ചാണകമുൾപ്പെടെയുള്ള മാലിന്യ

ത്തിൽ നിറഞ്ഞു കിടക്കുകയാണ്. രോഗികൾ മാലിന്യത്തിൽ ചവിട്ടിവേണം ആശുപത്രിയിലേക്കു പ്രവേശിക്കാൻ .ആശുപത്രി കെട്ടിടവും റോഡും നഗരസഭയുടേത് ആയതിനാൽ നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തേണ്ടത് നഗരസഭയാണ്.