s

ആലപ്പുഴ : വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതിന് പിന്നാലെ യാത്രികർക്ക് അധിക സൗകര്യമൊരുക്കി വിനോദസഞ്ചാരവകുപ്പ്. ചുങ്കം തിരുമല, പുന്നമട ഫിനിഷിംഗ് പോയിന്റ് എന്നിവിടങ്ങളിൽ ബോട്ട് അടുപ്പിക്കാനുള്ള സൗകര്യവും ഹൗസ്‌ബോട്ട് ടെർമിനലുകളുംപൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രിമാരായ ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി.എം.തോമസ് ഐസക്, എ.എം.ആരിഫ് എം.പി, കളക്ടർ എ.അലക്സാണ്ടർ എന്നിവരും ഓൺലൈനായി നടന്ന യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലും പുതിയ സൗകര്യങ്ങൾ ജനങ്ങൾക്ക് സമർപ്പിച്ചത്. ചുങ്കം തിരുമല വാർഡിൽ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടവഴി മാത്രമായിരുന്ന പാത നവീകരിച്ചു. വടക്കോട്ട് 520 മീറ്റർ ദൂരത്തിൽ മൂന്നരമീറ്റർ വീതിയിലാണ് പുതിയവഴി. ഇവിടെ മുമ്പ് ഹൗസ് ബോട്ടുകൾ അടുക്കുമായിരുന്നെങ്കിലും കെട്ടാനും ആളുകൾക്ക് കയറാനുമിറങ്ങാനും ബുദ്ധിമുട്ടായിരുന്നു. ഇത് പരിഹരിക്കാൻ ഒരുമീറ്റർ ഉയരത്തിൽ പൊക്കി ഇൻർലോക്ക് കട്ടകൾ വിരിച്ചാണ് നിർമാണം.

ഉയരത്തിലുള്ള നിർമ്മിതി സമീപത്തെ വീടുകൾക്ക് ബണ്ടിന്റെ പ്രയോജനംചെയ്യും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപറേഷനാണ് (കെ.ഐ.ഐ.ഡി.സി) നിർമാണം നടത്തിയത്. 97 ലക്ഷമാണ് അനുവദിച്ചതെങ്കിലും അത്രയും തുക വേണ്ടിവന്നില്ല.

പുന്നമടയിൽ പുതിയ ടെർമിനലുകൾ

പുന്നമട ഫിനിഷിംഗ് പോയിന്റിൽ എട്ട് ഹൗസ്‌ബോട്ട് ടെർമിനൽകൂടി നാടിന് സമർപ്പിച്ചു. നേരത്തെ 200 മീറ്റർ നീളത്തിലായിരുന്നു ടെർമിനലുകൾ. അത് വടക്കോട്ട് കുരിശടി വരെ ദീർഘിപ്പിച്ച് ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിർമാണം. വെള്ളത്തിലേക്കിറങ്ങി നിൽക്കുന്ന എട്ട് ടെർമിനലുകളാണുള്ളത്. വിനോദസഞ്ചാരികൾക്ക് ഇവയിലൂടെ ഹൗസ് ബോട്ടുകളിലേക്ക് കയറാം. ഭിന്നശേഷിക്കാർക്കായി റാമ്പ് സംവിധാനവുമുണ്ട്. 94 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി കുരിശടി മുതൽ സ്റ്റാർട്ടിംഗ് പോയിന്റ് വരെ 502 മീറ്റർ നീളത്തിൽ മൂന്നുമീറ്റർ വീതിയിൽ വികസനത്തിന് 1.27 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചു. മഴ ഷെൽട്ടർ, വഴിവിളക്കുകൾ ഉൾപ്പെടെയാകും നിർമാണം. തിരുമല വാർഡിൽ മൂന്നര കോടിരൂപയുടെ റോഡ് വികസനമുൾപ്പെടെയുള്ള ഹൗസ്‌ബോട്ട് ടെർമിനലിനും ഭരണാനുമതിയായി.