s

തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പിൽ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ഹൗസ് ബോട്ട് ടെർമിനലും കുട്ടികളുടെ പാർക്കും ഉദ്ഘാടനം നടക്കാതെ കാടുകയറി നശിക്കുന്നു. ഇപ്പോൾ തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണിവിടം. 1.35 കോടി രൂപ വിനിയോഗിച്ചു 3 വർഷം മുമ്പാണ് ഹൗസ് ബോട്ട് ടെർമിനലിനൊപ്പം കുട്ടികളുടെ പാർക്ക്, കോഫി ഹൗസ്, വിശ്രമിക്കാനുള്ള സൗകര്യം, ടോയ്ലറ്റ് എന്നിവ നിർമ്മിച്ചത്.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇത് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതാണ്.

എന്നാൽ, ടൂറിസം കേന്ദ്രത്തിലേക്കുള്ള തഴുപ്പിലെ പ്രധാന റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നതിനാൽ ഉദ്ഘാടനം നീട്ടി. പത്ത് മാസം മുമ്പ് 45 ലക്ഷം രൂപ ചെലവിട്ട് ഹാർബർ എൻജിനീയറിംഗ് വകുപ്പ് റോഡിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചു.

ടൂറിസം കേന്ദ്രം തുറക്കാതെ കാടുകയറിയും തുരുമ്പെടുത്തും നശിച്ചതോടെ കോടിക്കണക്കിന് രൂപയാണ് പാഴാകുന്നത്. ഇറിഗേഷൻ വകുപ്പ് ടുറിസം വകുപ്പിന് കൈമാറിയ പുല്ലുവേലി റെയിൽവേ പാലത്തിന് കിഴക്കുഭാഗത്തുള്ള സ്ഥലത്ത് എ.എം.ആരിഫ് എം.എൽ.എ ആയിരുന്നപ്പോഴാണ് പദ്ധതി നടപ്പാക്കിയത് .

പ്രകൃതിരമണീയം തഴുപ്പ്

മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഉൾനാടൻ ഗ്രാമമാണ് തഴുപ്പ്. കായൽ കാഴ്ചകൾ ആസ്വദിക്കാൻ വിദേശ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന ഇവിടെ രണ്ട് സ്വകാര്യ റിസോർട്ടുകളുമുണ്ട് . 1985 മുതൽ കെ.ടി.ഡി.സി.യും സ്വകാര്യ വ്യക്തികളും ബാക്ക് വാട്ടർ ടൂറിസം തുടങ്ങി. 2007-ൽ എ.എം.ആരിഫ് എം.എൽ.എ.യുടെ 'അരൂരിന്റെ ഐശ്വര്യം" പദ്ധതിയിൽ തഴുപ്പിനെയും ഉൾപ്പെടുത്തി. സ്ഥലം കൈമാറി കിട്ടിയതിനുശേഷം സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയിലുൾപ്പെടുത്തി ഫണ്ടനുവദിച്ചുവെങ്കിലും നടപ്പായില്ല പിന്നീട് കേന്ദ്ര ടൂറിസം പദ്ധതിയിൽ 1.50 കോടിയുടെ പ്രോജക്ട് തയ്യാറാക്കിയാണ് 3വർഷങ്ങൾക്ക് പണി പൂർത്തികരിച്ചത്.

''ആദ്യം ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെങ്കിലും ചില കാരണങ്ങളാൽ വൈകി.ഇപ്പോൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം വൈകുന്നത്.അധികം വൈകാതെ കേന്ദ്രം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്

എ.എം.ആരിഫ് എം.പി.

''വൻ തുക മുടക്കി നിർമ്മിച്ച ടൂറിസം പ്രോജക്ടിന്റെ ഉദ്ഘാടനം വൈകുന്നത് തഴുപ്പിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദീർഘവീക്ഷണമില്ലാതെയാണ് ടൂറിസം പദ്ധതി നടപ്പിലാക്കിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ആർ.ഹരീഷ്, വാർഡ് അംഗം.

ടൂറിസം വികസനത്തിലൂടെ തഴുപ്പിന് മുന്നേറാൻ കഴിയും. തഴുപ്പിന്റെ ടുറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ടുറിസം കേന്ദ്രം തുറന്നു നൽകാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണം.

അശോകൻ പനച്ചിക്കൽ (മുൻ പഞ്ചായത്തംഗം )