കറ്റാനം: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം വികൃതമായതായി പരാതി. ബന്ധുക്കളുടെ പരാതിയിൽ വള്ളികുന്നം പൊലീസ് കേസെടുത്തു. കറ്റാനം സെന്റ് തോമസ് ആശുപത്രി മോർച്ചറി​യി​ൽ സൂക്ഷി​ച്ച കായംകുളം സ്വദേശിയായ അക്ഷയ (21)യുടെ മൃതദേഹമാണ് കറ്റാനം വെട്ടിക്കോട്ടുള്ള സെന്റ് തോമസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നത്. കൊവിഡ് പരിശോധനാ ഫലം വരേണ്ടതിനാൽ ചൊവ്വാഴ്ചയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. പരിശോധനാഫലം നെഗറ്റീവായതോടെ ഇന്നലെ രാവിലെ യുവതിയുടെ ബന്ധുക്കൾ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിനായി ആശുപത്രയിൽ എത്തി. എന്നാൽ മുതദേഹം പുറത്തെടുത്തപ്പോൾ തിരിച്ചറിയാനാവാത്തവിധം വീർത്ത് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറത്തു. ഇതേ തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ തർക്കം ഉണ്ടായി. വിവരം അറിഞ്ഞ് വള്ളികുന്നം പോലീസും സ്ഥലത്തെത്തി. സംഭവത്തിൽ കേസേടുക്കുമെന്ന് അറിയിച്ചതോടെയാണ് ബന്ധുക്കൾ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. മോർച്ചറിയിലെ ഫ്രീസറിന്റെ കംപ്രസർ തകരാറായതാകാം കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. യുവതിയുടെ മുതദേഹത്തിനു പിന്നാലെ പുറത്തെടുത്ത മൃതദേഹത്തിന് കുഴപ്പങ്ങളൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ ഒരാഴ്ചമുമ്പ് കറ്റാനം സ്വദേശിയായ വൃദ്ധയുടെ മൃതദേഹം മോർച്ചറിയിൽ നിന്നും പുറത്തെടുത്തപ്പോഴും ബന്ധുക്കൾക്ക് ഇത്തരം പരാതിയുണ്ടായിരുന്നുവെന്നും പറയുന്നു.