s

തുറവൂർ: തുറവൂർ താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി.പി.എം- കോൺഗ്രസ് പോര് മുറുകുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരനെ അധിക്ഷേപിച്ച ഷാനിമോൾ ഉസ്മാൻ എം.എൽ.എ മാപ്പുപറയണമെന്ന് സി.പി. എം അരൂർ ഏരിയ സെക്രട്ടറി പി.കെ.സാബു ആവശ്യപ്പെട്ടു. എ.എം ആരിഫ് എം.എൽ.എ ആയിരുന്ന സമയത്ത് ആസ്തി വികസന ഫണ്ടിൽ അനുവദിച്ച 1.60 ലക്ഷം രൂപ ചെലവഴിച്ചാണ് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം നിർമിച്ചത്. ഇതിന്റെ ഉദ്ഘാടനം ആലോചിക്കുവാൻ ആണ് എംഎൽഎയെ ബ്ലോക്ക് പ്രസിഡന്റ് ഫോണിൽ വിളിച്ചത്. രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി എം.പി ,എം.എൽ.എ എന്നിവരെ പങ്കെടുപ്പിച്ച് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുവാനാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. മുൻ എം.എൽ.എ അനുവദിച്ച പല പദ്ധതികളുടെയും നിർമ്മാണം ബോധപൂർവ്വം വൈകിപ്പിക്കുവാനാണ് ഷാനിമോൾ എം.എൽ.എ. ശ്രമിക്കുന്നതെന്നും എം.എൽ.എ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഏരിയാ സെക്രട്ടറി പി.കെ. സാബു പറഞ്ഞു.

എന്നാൽ എം.എൽ.എക്കെതിരെയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ പറഞ്ഞു.കെ.സി.വേണുഗോപാൽ എം.പി ആയിരുന്നപ്പോൾ തുടങ്ങി വച്ചതും ഫണ്ടുകൾ അനുവദിച്ചതുമായ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിലവിലെ എം.പി ആയ ആരിഫാണ് നിർവ്വഹിക്കുന്നത്. അത് പോലെ തന്നെയാണ് തുറവൂർ താലൂക്ക് ആശുപത്രിയുടെ കാര്യത്തിലും വേണ്ടത്. കെട്ടിട ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കണമെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യത്തോട് അത് പ്രോട്ടോക്കോൾ ലംഘനമല്ലേ എന്ന് എം.എൽ.എ പ്രതികരിച്ചത് എങ്ങനെയാണ് അധിക്ഷേപമാവുന്നതെന്നും അദ്ദേഹം ചോദിച്ചു.