photo

ചേർത്തല:വടക്കേ അങ്ങാടി കവല വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അടുത്തയാഴ്ച തുടക്കമാകും. നടപടികൾ പൂർത്തിയാക്കി പൊതുമരാമത്തുവകുപ്പിന് കൈമാറി കിട്ടിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് ആരംഭിക്കുക.പദ്ധതി പ്രകാരം നാലു കടമുറികൾ ഇനിയും ഒഴിഞ്ഞു കിട്ടാനുണ്ട്.ഇതിനായുള്ള നടപടികൾ നിയമപരമായി നടക്കുന്നുണ്ടെങ്കിലും നിർമ്മാണം ഇനിയും നീട്ടേണ്ടെന്ന നിലപാടിലാണ് അധികൃതർ.
ഏ​റ്റെടുത്ത സ്ഥലം ഉടമകളുടെ സാന്നിദ്ധ്യത്തിൽ അളന്നു തിരിച്ചു. സ്ഥലം നിശ്ചയിച്ചു നൽകിയതോടെ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ മാ​റ്റുന്ന പ്രവർത്തനങ്ങളും അടുത്തയാഴ്ച ആരംഭിക്കും.ഇപ്പോൾ റോഡു വീതികൂട്ടി,കാനയും നടപ്പാതയും ഒരുക്കുന്ന പ്രവർത്തനമാണ് നടത്തുക.
നഗരത്തിലെ ഏറ്റവും തിരക്കേറിയ വടക്കേ അങ്ങാടി കവലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ പൂവണിയുന്നത്. മന്ത്രി പി.തിലോത്തമൻ മുൻകൈയെടുത്താണ് വടക്കേ അങ്ങാടി കവല വികസനം യാഥാർത്ഥ്യത്തിലേക്കെത്തിക്കുന്നത്.

കവല വികസനത്തിന് അനുവദിച്ച ആകെ തുക : 9.5 കോടി

വികസനം ഇങ്ങനെ

കവലയുടെ മദ്ധ്യഭാഗത്തുനിന്നും നാലുവശത്തേക്കും 50 മീ​റ്റർ നീളത്തിലും 20മീറ്റർ നീളത്തിലുമാണ് ജംഗ്ഷൻ വികസിപ്പിക്കുന്നത് . ഇതിനാവശ്യമായ 90 ശതമാനം സ്ഥലവും ഏ​റ്റെടുത്തു കഴിഞ്ഞു.ചില വസ്തു ഉടമകൾ തടസങ്ങൾ ഉയർത്തി നിയമ നടപടികളുമായി നീങ്ങിയതോടെയാണ് പദ്ധതി നടപ്പാക്കാൻ വൈകിയത്. ഇതും ഏ​റ്റെടുത്തശേഷം പ്രവർത്തനങ്ങൾ തുടങ്ങാൻ കാത്തിരുന്നാൽ വൈകുമെന്നതിനാലാണ് ഏ​റ്റെടുത്ത സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിക്കുന്നത്. ആകെയുള്ള 30 കെട്ടിടങ്ങളിൽ 26 കെട്ടിടങ്ങളാണ് ഏ​റ്റെടുത്തത്.ഇതിൽ 23 കെട്ടിടങ്ങളും പൊളിച്ചുമാറ്റി.

''തടസങ്ങളക​റ്റി വികസനം വേഗത്തിലാക്കും.കവല വികസനം നഗരത്തിന്റെ ആവശ്യമാണ്.അടുത്ത ആഴ്ചതന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും.
-മന്ത്രി പി.തിലോത്തമൻ