babu

ഉദ്യോഗസ്ഥർ ആശുപത്രി​യി​ലെത്തി​ച്ചി​ല്ലെന്ന് പരാതി​

ചാരുംമൂട്: ടി​ വി ​കണ്ടുകൊണ്ടി​രുന്ന ഗൃഹനാഥനെ കാട്ടുപന്നി​ വീട്ടി​ൽ കയറി​ ആക്രമി​ച്ചു. ഇന്നലെ രാവിലെ പതിനൊന്നു മണിക്ക് മുതുകാട്ടുകര കളീയ്ക്കൽ തെക്കേതിൽ ബാബു (55) വിനെയാണ് കാട്ടുപന്നി​ ആക്രമി​ച്ചത്. കാലിനു ഗുരുതര പരുക്കേറ്റു. കൂട്ടം തെറ്റി എത്തിയ ഒറ്റയാൻ പന്നിയാണ് രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ ബാബുവിനെ ആക്രമിച്ചത്.

പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാതെ കാര്യം ചോദിച്ചറിഞ്ഞു മടങ്ങുകയാണുണ്ടായതെന്ന ആക്ഷേപം ശക്തം. മുതുകാട്ടുകര, ഉളവുക്കാട്, കാവുംമ്പാട് പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായി എത്തി കൃഷികൾ നശിപ്പിക്കുന്നതായും വ്യാപക പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപന്നികളെ പിടിയ്ക്കാൻ എത്തിയിട്ടു രണ്ടാഴ്ച പിന്നിടുമ്പോഴും പേരിനു പോലും ഒന്നിനെയും വലയിലാക്കുവാൻ സാധിച്ചിട്ടി​ല്ലത്രെ. കർഷകരിൽ പലരും കൃഷി ഇറക്കുവാൻ മടിക്കുന്ന അവസ്ഥയുണ്ട്. അടിയന്തിരമായി കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശാസ്ത്രീയമായ രീതി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.