ആലപ്പുഴ : ജില്ലയിൽ പച്ചപ്പും പൂക്കളും നിറയ്ക്കാൻ കുടുംബശ്രീയുടെ 'ഗ്രീൻ കാർപ്പറ്റ്' യൂണിറ്റുകൾ വരുന്നു. അയൽക്കൂട്ടാംഗങ്ങൾക്ക് തൊഴിലവസരം ഒരുക്കാൻ കുടുംബശ്രീ കണ്ടെത്തിയ മേഖലകളിലൊന്നാണ് ഗാർഡനിംഗ് യൂണിറ്റുകൾ. അംഗങ്ങൾക്കുള്ള ട്രെയിനിംഗ് അടുത്ത മാസം ആദ്യം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ജില്ലയിൽ നിന്ന് അഞ്ച് യൂണിറ്റുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
അമ്പലപ്പുഴ,ആലപ്പുഴ, ആര്യാട്,പട്ടണക്കാട് എന്നിടങ്ങളിലെ അംഗങ്ങൾ പങ്കാളികളാകും. ഹോട്ടലുകൾ,വീടുകൾ,സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൂന്തോട്ടവും അടുക്കളത്തോട്ടവും തയ്യാറാക്കുക, പരിപാലിക്കുക എന്നീ ജോലികൾക്കാണ് ഇവരെ ഉപയോഗിക്കുക. നാല് മുതൽ പത്ത് വരെ അംഗങ്ങളാകും ഗ്രീൻ കാർപ്പറ്റ് സംഘങ്ങളിലുണ്ടാവുക. കൃഷിവകുപ്പിന്റെ ആത്മ സെന്ററാണ് അയൽക്കൂട്ടാംഗങ്ങൾക്ക് പരിശീലനം നൽകുന്നത് . സംരംഭ മാതൃകയിലാകും ഗ്രീൻ കാർപ്പറ്റ് യൂണിറ്റുകൾ പ്രവർത്തിക്കു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകുംഅംഗങ്ങൾക്ക് പരിശീലനം.
പുതു തട്ടകം
ഗാർഡനിംഗ് രംഗത്ത് ആളുകളുടെ താത്പര്യം കൂടുതലാണെന്നതിനാലാണ് ഈ മേഖലയിൽ കുടുംബശ്രീ പരീക്ഷണം നടത്തുന്നത്. ടൂറിസം മേഖലയിലും അവസരങ്ങളുണ്ടാകും. തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് വിദഗ്ദ്ധ പരിശീലനം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് ആഴ്ചത്തെ പരിശീലനത്തിൽ വിത്തുത്പാദനം, പൂന്തോട്ടമൊരുക്കൽ, അടുക്കളത്തോട്ടമൊരുക്കൽ, ലാൻഡ്സ്‌കേപ്പിംഗ് എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളുണ്ടാകും.
..............
" കുടുംബശ്രീ അംഗങ്ങൾക്ക് നല്ലൊരു വരുമാന മാർഗം ലക്ഷ്യം വച്ചാണ് സംരംഭം തുടങ്ങുന്നത്. ടീം തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഉടൻ തന്നെ പരിശീലനം ആരംഭിക്കും. വലിയ പ്രൊജക്ടാണ് ലക്ഷ്യമിടുന്നത്.
(ദീപ്തി,പ്രൊജക്ട് കോർഡിനേറ്റർ)