s

ആലപ്പുഴ: നവരാത്രി കാലം ഹൗസ് ബോട്ടുകൾക്ക് തിരക്കിന്റെ നാളുകളായിരുന്നു മുൻവർഷങ്ങളിൽ. കൈനിറയെ വരുമാനവും ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. കൊവിഡ് ഭീഷണിയിൽ ഏഴുമാസ

ത്തോളം നിശ്ചലമായിരുന്ന ഹൗസ് ബോട്ട് മേഖല കഴിഞ്ഞ ദിവസം മുതൽ ചലിച്ചു തുടങ്ങിയെങ്കിലും സവാരി പേരിനു പോലും കിട്ടുന്നില്ല.

എഴുന്നൂറിലധികം ലൈസൻസ്ഡ് ബോട്ടുകളുള്ള ആലപ്പുഴയിൽ ഒരു ദിവസം 20 ൽ താഴെ മാത്രം ബോട്ടുകൾക്കാണ് ഓട്ടം ലഭിക്കുന്നത്. വടക്കൻ കേരളത്തിൽ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസങ്ങളിൽ യാത്രയ്ക്കെത്തിയത്. സഞ്ചാരികൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകൃത പാസ് ആവശ്യമാണെന്നതിനാൽ മുൻകൂട്ടി അറിയിക്കാതെ എത്തുന്നവർക്ക് ഹൗസ് ബോട്ട് യാത്രക്ക് അനുവാദമില്ല. നിരോധനാജ്ഞയും നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാലാണ് യാത്രക്കാർ വരാൻ മടിക്കുന്നത്.

മുൻവർഷങ്ങളിൽ നവരാത്രി ആഘോഷത്തിന്റെ നാളുകളിൽ ഉത്തരേന്ത്യക്കാരാണ് കൂട്ടത്തോടെ ഇവിടേക്ക് എത്തിയിരുന്നത്. ഈ സമയത്ത് ബോട്ടിന്റെ നിരക്കും ഉയർന്നിരുന്നു. ഇത്തവണ ഉത്തരേന്ത്യക്കാരുടെ വരവ് ഇല്ലാതായതോടെ നിരക്ക് കുറച്ച് നൽകാൻ തയ്യാറായിട്ട് പോലും ഹൗസ് ബോട്ടുകൾക്ക് യാത്രക്കാരെ കിട്ടാനില്ല.

പരമാവധി 10 യാത്രക്കാർ

ഒരു ഹൗസ് ബോട്ടിൽ പരമാവധി പത്ത് യാത്രക്കാർ എന്ന് നിയന്ത്രണമുള്ളതിനാൽ വലിയ ഗ്രൂപ്പായി യാത്ര ബുക്ക് ചെയ്യുന്നവരും പിൻവാങ്ങി. ഒരു മുറിയിൽ രണ്ട് പേർക്ക് മാത്രമാണ് താമസിക്കാൻ അനുമതി . 15 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ അച്ഛനും അമ്മയ്ക്കും ഒപ്പം മുറിയിൽ കഴിയാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ യഥാക്രമം 13, 20 ബോട്ടുകൾക്ക് മാത്രമാണ് ഓട്ടം ലഭിച്ചത്.

ചെലവിന് കുറവില്ല

ഓട്ടം ലഭിച്ചില്ലെങ്കിലും ഹൗസ് ബോട്ടുകളിൽ ജീവനക്കാരെ ഒഴിവാക്കാനാവില്ല. ഇവർക്ക് ശമ്പളം നൽകണം. ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം സവാരി പ്രതീക്ഷിച്ച് ഉടമകൾ ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കായി ചെറുതല്ലാത്ത തുക മുടക്കിയിരുന്നു. കൂടുതലായി സഞ്ചാരികൾ എത്തിയാൽ മാത്രമേ മേഖലയ്ക്ക് പിടിച്ചു നിൽക്കാനാകൂവെന്ന് ഉടമകൾ പറയുന്നു.

 ദിവസം ഓട്ടം ലഭിക്കുന്നത് 20 ൽ താഴെ ബോട്ടുകൾക്ക് മാത്രം

 ലക്ഷ്വറി ബോട്ടുകൾക്ക് നിബന്ധനകൾ വെല്ലുവിളി

''നവരാത്രി സീസണിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഉത്തരേന്ത്യക്കാർ എത്തുന്നില്ല. വടക്കൻ കേരളത്തിൽ നിന്നുള്ളവരാണ് പേരിനെങ്കിലും എത്തുന്നത്.

ഹൗസ് ബോട്ട് ഉടമകൾ