
വില്പനക്കായി വീടുകളിൽ കേക്ക് നിർമ്മിക്കുന്നതിന് ലൈസൻസ് വേണം
ആലപ്പുഴ : ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ കേക്ക് പരീക്ഷണങ്ങൾ വീട്ടമ്മമാർ വിപണിയിലേക്ക് പറിച്ചു നട്ടതോടെ മൂക്കുകയറിടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും രംഗത്തെത്തി. ഒരു ഹോബി എന്ന നിലയിൽ തുടങ്ങിയ കേക്ക് നിർമ്മാണം പിന്നീട് ഒരു വരുമാനമാർഗമെന്ന നിലയിലേക്ക് പലരും മാറ്റി.കുടുംബ സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമായിരുന്നു ആദ്യം കേക്ക് വിറ്റിരുന്നത്. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെയാക്കി കച്ചവടം.
കേക്ക് നിർമ്മാണം നടത്തി വീട്ടമ്മമാർ വരുമാനം ഉണ്ടാക്കുന്നതിൽ എതിർപ്പൊന്നുമില്ലെങ്കിലും ഏതു കച്ചവടവും നിയമം പാലിച്ചായിരിക്കണം എന്നതാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിലപാട്. വീട്ടിൽ തയ്യാറാക്കി വിൽക്കുന്ന കേക്കുകൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാണ്.ഹോട്ടലുകൾ,ബേക്കറികൾ,കൂൾബാറുകൾ,കാറ്ററിംഗ് സർവീസ്,തട്ടുകട,ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ,പഴം-പച്ചക്കറി-മത്സ്യ വ്യാപാരികൾ എന്നിവർക്ക് ഫുഡ് ലൈസൻസ് നിർബന്ധമാണ്. ഓൺലൈനിൽ ഹോംമേയ്ഡ് കേക്ക് കച്ചവടക്കാരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ നടപടിയുമായി മുന്നോട്ടു വന്നത്.
ലൈസൻസ് ഇല്ലെങ്കിൽ
5000 രൂപയും മൂന്ന് മാസം തടവും
ലൈസൻസ് ലഭിക്കാൻ
നവംബർ ഒന്നുമുതലാണ് ഇനി ജില്ലയിൽ ലൈസൻസ് അനുവദിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ മുഖേനെ അപേക്ഷിക്കാം. തിരിച്ചറിയൽ കാർഡ്,ആധാർകാർഡ് എന്നിവ മാത്രം മതി. പഞ്ചായത്ത്,നഗരസഭ എന്നിവയുടെ അനുമതി പത്രം നിർബന്ധം.
..........
ഒരു വർഷത്തേക്ക് ഫീസ്
ലൈസൻസ്.............. ₹2000
രജിസ്ട്രേഷൻ...........₹ 100
വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെപ്പോലെ ഹോംമേയ്ഡ് ഉത്പന്നങ്ങൾക്കും ലൈസൻസ് ആവശ്യമാണ്. അപേക്ഷകർക്ക് മാനദണ്ഡം ലഘുവാണ്. നിയമം ലംഘിച്ചാൽ പിടിവീഴും
ഭക്ഷ്യസുരക്ഷ അധികൃതർ