
ആറ് പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചു മൂന്നെണ്ണത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ
ആലപ്പുഴ: ആലപ്പുഴ - ചേർത്തല കനാലിന്റെ നവീകരണജോലികൾ പുരോഗമിക്കുന്നു. 28 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിലെ 11 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഒൻപത് പാലങ്ങൾ പുതുതായി നിർമ്മിക്കും. ഇതിൽ ആറെണ്ണത്തിന്റെ നിർമ്മാണം ആരംഭിച്ചു .വെള്ളപ്പാട്, പൂങ്കാവ്, മറ്റത്തിൽ, അമ്പനാകുളങ്ങര, വലിയകലവൂർ, റൂറൽ പാലങ്ങളുടെ നിർമ്മാണമാണ് ആരംഭിച്ചത്.
ആര്യാട് ബ്ളോക്ക്, ദേവി വയർ, ബർണാഡ് പാലങ്ങളുടെ നിർമ്മാണമാണ് ആരംഭിക്കാനുള്ളത്. 46കോടി രൂപയാണ് കനാൽ നവീകരണപദ്ധതിക്കായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കലവൂർ അമ്പനാകുളങ്ങര വരെയുള്ള ഭാഗത്തെ ചെളിനീക്കൽ ജോലികൾ പൂർത്തീകരിച്ചു. കനാലിന്റെ ഇരുകരകളും കെട്ടി ബലപ്പെടുത്തുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.വെള്ളപ്പാടി പാലം, പൂന്തോപ്പ്, മറ്റത്തിൽ എന്നീ മൂന്ന് പാലങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മൂന്ന് പാലങ്ങളുടെ അടിത്തറ നിർമ്മാണം പൂർത്തികരിച്ചു. ഒരാഴ്ചക്കുള്ളിൽ മറ്റ് പാലങ്ങളുടെ നിർമ്മാണവും ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കനാലിലെ മണൽ ബണ്ടുകൾ നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുന്നു. കൊവിഡും മഴയുമാണ് നിർമ്മാണജോലികൾക്ക് പ്രതിസന്ധി ഉണ്ടാക്കിയത്. പാലങ്ങൾക്കും അപ്രോച്ച് റോഡിനുമായി 6.29 കോടി അനുവദിച്ചിട്ടുണ്ട്.
കനാൽ നവീകരണം
നഗരത്തിൽ കൊമേഴ്‌സ്യൽ കനാലിന്റെ നവീകരണ ജോലികൾ 85 ശതമാനം വരെയായി. കഴിഞ്ഞ പ്രളയത്തിന് മുമ്പ് വാടക്കനാലിൽ മട്ടാഞ്ചേരി പാലം വരെയുള്ള ഭാഗം നവീകരിച്ചു. ആറ് പൈതൃക മ്യൂസിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഈമാസം അവസാനം കനാൽ നവീകരണ പദ്ധതി നാടിന് സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
എ.എസ് കനാൽ നവീകരണത്തിന് : 46കോടി
പാലങ്ങൾക്കും അപ്രോച്ച് റോഡിനും : 6.29 കോടി