ആലപ്പുഴ: കുട്ടനാട്ടിൽ പ്രളയ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ സ്ഥലം വിട്ടുനൽകുന്ന എല്ലാ ക്ഷീരസംഘങ്ങൾക്കും കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന് മന്ത്രികെ രാജു പറഞ്ഞു. കുട്ടനാട്ടിൽ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന എലിവേറ്റഡ് കാറ്റിൽ ഷെഡിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാൽ അധ്യക്ഷത വഹിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ ബി. ശ്രീകുമാർ പദ്ധതി വിശദീകരിച്ചു.
നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ചാക്കോ, ബ്ലോക്ക്പഞ്ചായത്തംഗം മിനി മന്മഥൻ, ചെമ്പുംപുറം ക്ഷീര സംഘം പ്രസിഡന്റ് ചാക്കോ, എ.അനുപമ, സുമേജ് സലീൽ, ചമ്പക്കുളം ക്ഷീരവികസന ഓഫീസർ ആർ സുജാത എന്നിവർ പങ്കെടുത്തു.
പ്രളയസമയത്ത് 100 പശുക്കൾക്ക് അഭയം
ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചെമ്പുംപുറം ക്ഷീരോത്പാദl സഹകരണ സംഘത്തിന്റെ 15 സെന്റ് സ്ഥലത്ത് 5496 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായി നിർമിക്കുന്ന കന്നുകാലി സംരക്ഷണ കെട്ടിട സമൂച്ചയത്തിന് ഒരുകോടി എൺപത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്.പ്രളയ സമയത്ത് 100 പശുക്കളെ വരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാൻ സാധിക്കും. ഏറ്റവും താഴത്തെ നിലയിൽ സംഘം ഓഫീസ്, പാൽ സംഭരണം, പാൽ പരിശോധന മുറികൾ, യോഗം കൂടുന്നതിനുള്ള മുറി എന്നിവ ഒരുക്കും. ചാണകം, മൂത്രം എന്നിവ സംഭരിക്കുന്നതിനുള്ള ടാങ്കും മഴവെള്ളസംഭരണിയും ഇതോടനുബന്ധമായി നിർമ്മിക്കും.