ആലപ്പുഴ: നഗരപാത വികസന പദ്ധതി (സിറ്റി റോഡ് ഇപ്രൂവ്‌മെന്റ് പ്രൊജക്ട് ) പ്രകാരം നിർമ്മിക്കുന്ന റോഡ് ശൃംഖലയിൽ ഉൾപ്പെടുന്ന നഗരത്തിലെ രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ ഇന്ന് നിർവ്വഹിക്കും .

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡുകളുടെ ശൃംഖലയിൽ 20 ഇടനാഴികളാണുള്ളത്. ഇതിൽ നഗരത്തിന്റെ ഹൃദയ ഭാഗത്തൂടെ കടന്നുപോകുന്ന കൈതവന- കളർകോട് ജംഗ്ഷൻ റോഡ്, പിച്ചു അയ്യർ ജംഗ്ഷൻ - വൈ. എം. സി. എ റോഡുകളുടെ നിർമ്മാണോദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. നഗരപാത വികസന പദ്ധതി പ്രകാരം 55.21 കോടി രൂപയാണ് ഈ റോഡ് ശൃംഖലക്കായി വകയിരുത്തിയിരിക്കുന്നത്.
നഗര റോഡുകളുടെ പുനരുദ്ധാരണ പ്രവങ്കത്തികൾക്ക് പുറമേ ഫുട്പാത്തുകൾ, അഴുക്കുചാലുകൾ, തെരുവ് വിളക്കുകൾ, അടയാളങ്ങൾ, കാൽനട യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ എന്നിവയോട് കൂടിയാകും റോഡുകളുടെ നിർമ്മാണം.

രാവിലെ 9.30 ന് കളർകോട് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ എ. എം. ആരിഫ് എം. പി മുഖ്യാതിഥിയാകും. ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ, പൊതുമരാമത്തു വകുപ്പ് റോഡ് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.