ആലപ്പുഴ: അടിസ്ഥാന വികസനത്തിലൂടെ കൃഷി ലാഭകരമാക്കാനും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും സർക്കാർ ഇടപെടലുകളിലൂടെ സാധിച്ചെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തരിശുരഹിത ചെങ്ങന്നൂർ എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.

തരിശ് രഹിത ചെങ്ങന്നൂർ സമൃദ്ധി പദ്ധതിയിലൂടെ ചെങ്ങന്നൂരിന്റെ കാർഷിക പ്രതാപം തിരിച്ച് പിടിക്കാനും കൃഷിയോടൊപ്പം ജലസ്രോതസുകളുടേയും തണ്ണീർ തടങ്ങളുടെയും നീർച്ചാലുകളുടേയും സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചെങ്ങന്നൂരെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടർ കെ. വാസുകി, കെ. എൽ.ഡി. സി. ചെയർമാൻ പി. വി. സത്യനേശൻ, എം.ഡി റ്റി. എസ് രാജീവ്, ജില്ല പഞ്ചായത്തംഗം വി .വേണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, വൈസ് പ്രസിഡന്റ് ജി. വിവേക്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത മേരി ജോർജ് എന്നിവർ പങ്കെടുത്തു.