
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് വീണ്ടും വ്യാപകമായതിനെത്തുടർന്ന് മുന്നറിയിപ്പുമായി ജില്ലാ പൊലീസ്. ടെലി മാർക്കറ്റിംഗ്കമ്പനികളിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യുന്നതിനെ തുടർന്നാണ് വ്യാജ കോളുകളുടെ വരവ്. . സാധനങ്ങൾ വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പ് നടത്തിയതിൽ താങ്കൾക്ക് സമ്മാനമായി കാർ ഉൾപ്പെടെയുള്ളവ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞായിരിക്കും വിളിക്കുക. സമ്മാനം ലഭിക്കുന്നതിനായി സർവീസ് ചാർജായി ഒരു തുക അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് ഓൺലൈനായി അയച്ചു കൊടുക്കാൻ ആവശ്യപ്പെടും. വിശ്വസിപ്പിക്കുന്നതിനായി കമ്പനിയുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ കത്തുകൾ, കാറിന്റെ ഫോട്ടോ തുടങ്ങിയവ അയച്ചു കൊടുക്കും.
ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ, സ്വകാര്യ കമ്പനി ഉടമകൾ, സാധാരണക്കാർ തുടങ്ങിയവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചാണ് അടുത്ത തട്ടിപ്പ് . യഥാർത്ഥ പ്രൊഫൈൽ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഫോട്ടോസ് ഡൗൺലോഡ് ചെയ്തെടുത്ത് അതേ പേര് ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുന്നത്. കൂടാതെ യഥാർത്ഥ അക്കൗണ്ടിൽ നിന്നും ഉടമയുടെ സുഹൃത്തുക്കളുടെ ലിസ്റ്റും കൈക്കലാക്കും. ഉടമയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് മെസ്സേജ് അയച്ച് ഓൺലൈൻ ആയി പണം അയച്ചു കൊടുക്കാനും ആവശ്യപ്പെടും.
ആസൂത്രണം കേരളത്തിന് വെളിയിൽ
വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നോ, വിദേശങ്ങളിൽനിന്നോ ആണ് ഇത്തരം തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ചില സാഹചര്യങ്ങളിൽ ഇവരെ കണ്ടുപിടിക്കാൻ എളുപ്പമല്ല. തട്ടിപ്പ് രീതിയും,സ്വഭാവവും ഓരോ അവസരങ്ങളിലും മാറിക്കൊണ്ടിരിക്കും. ജില്ലാ പോലീസ് കാര്യാലയത്തിൽ എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സൈബർ സെൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനിൽ പണം അടയ്ക്കുംമുൻപായി എന്തെങ്കിലും സംശയം തോന്നിയാൽ 0477-2230804 എന്ന നമ്പരിൽ വിളിച്ച് സത്യാവസ്ഥ ഉറപ്പു വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി പി,എസ് സാബു അറിയിച്ചു.