ആലപ്പുഴ: ഭവന രഹിതരും തീരത്തു നിന്നും അൻപത് മീറ്ററിനുള്ളിൽ താമസക്കാരുമായ ജില്ലയിലെ 204 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിക്കുവാൻ ഒന്നര വർഷം മുമ്പ് തറക്കല്ലിട്ടിട്ടും പണി തുടങ്ങാത്ത സർക്കാർ അനാസ്ഥക്കെതിരെ യോജിച്ച പോരാട്ടം ഉണ്ടാവണമെന്ന് ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ: കെ.സണ്ണികുട്ടി പറഞ്ഞു. അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ (യു ടി യു സി)ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖില കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ (യു ടി യു സി) സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബി.കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു മുഖ്യ പ്രഭാഷണം നടത്തി.ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ മോഹനൻ, ആർ.എസ്.പി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി പി.മോഹനൻ, സുരേഷ് കുമാർ, ജേക്കബ്ബ് പത്രോസ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.