photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകുന്നതിനായി കൃഷി വകുപ്പുമായി ചേർന്ന് കർഷക സെമിനാർ സംഘടിപ്പിച്ചു. കുടംബശ്രീയുടെ നേതൃത്വത്തിൽ കൃഷിചെയ്യുന്ന 15 ജെ.എൽ.ജി ഗ്രൂപ്പുകൾക്കുളള ധനസഹായ വിതരണവും ചടങ്ങിൽ നടന്നു.പഞ്ചായത്തിന്റെ കീഴിലുളള പോതിമംഗലം പുഞ്ചപ്പാടം കാക്കത്തുരുത്ത് പാടശേഖരങ്ങളിൽ ഈ ആഴ്ച വിത്ത് വിതക്കലിന് തുടക്കമാകും.കൊവിഡ് കാലത്ത് കാർഷിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ഒന്നാം തീയതി മുതൽ കാർഷിക കർമ്മസേനയെ രംഗത്തിറക്കുന്നതിന് സെമിനാർ രൂപം നൽകി.

23 വാർഡുകളിലായി കൃഷി പാഠശാലകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തും.കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ഓൺലൈൻ കാർഷിക സംവാദം ഉണ്ടാകും.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വെർച്ച്വൽഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു.രമാമദനൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജി.വി.റെജി സെമിനാറിൽ പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുധർമ്മ സന്തോഷ്,ബിനിത മനോജ് എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളായ കെ.കെ.ചെല്ലപ്പൻ, വി.കെ.പൊന്നപ്പൻ,ജോർജ്ജ് കാരാച്ചിറ,ജോസ് കൊണ്ടോട്ടിക്കരി, പി.പരമേശ്വരൻ,ടി.ടി.രാജപ്പൻ എന്നിവരും സംസാരിച്ചു. സെക്രട്ടറി അബ്ദുൾഖാദർ സ്വാഗതവും കൃഷി അസിസ്റ്റന്റ് ധന്യ നന്ദിയും പറഞ്ഞു.