
ദീപാവലി കച്ചവടം ഉപേക്ഷിച്ച് പടക്ക കടക്കാർ
ആലപ്പുഴ: ദീപാവലി ആഘോഷത്തിന് കേവലം രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോഴും, ഇത്തവണ സ്‌റ്റോക്ക് എടുക്കുന്നില്ലെന്ന തീരുമാനത്തിലാണ് ജില്ലയിലെ പടക്കവ്യാപാരികൾ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പടക്കം വാങ്ങാൻ ഉപഭോക്താക്കൾ എത്താനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലിലാണ് ഈ തീരുമാനം.
സാധാരണ വിഷുക്കാലത്ത് നടക്കുന്നതിന്റെ പകുതി കച്ചവടമേ ദീപാവലി സീസണിൽ ലഭിക്കാറുള്ളൂ. ജില്ലയിൽ താമസക്കാരായ ഉത്തരേന്ത്യക്കാരും ദീപാവലി ആഘോഷത്തിനെത്തുന്ന വിനോദ സഞ്ചാരികളുമാണ് പടക്കം വാങ്ങുന്നവരിലേറെയും. പൊതുവേ, സീസൺ ഐറ്റം എന്തെന്നറിയാൻ വ്യാപാരികൾ ശിവകാശിയിലെയും നോർത്ത് പറവൂരിലെയും പടക്ക നിർമ്മാണശാലകളിൽ വിളിക്കുകയും ഓർഡർ നൽകുകയും ചെയ്യേണ്ട സമയമാണിത്. എന്നാൽ ഈ പ്രാവശ്യം ഒരു ഫോൺ കോൾ പോലും നടത്തിയില്ലെന്ന് വ്യാപാരികൾ പറയുന്നു. വിഷുവിനും സമാനമായിരുന്നു അവസ്ഥ. പുതിയ സ്റ്റോക്ക് എടുക്കാതിരുന്നതിനാൽ ഭീമമായ നഷ്ടം ഒഴിവാക്കാനായി. മിച്ചം വരുന്ന പടക്കം നശിപ്പിച്ചു കളയാൻ പ്രയാസമാണ്. ഉപയോഗിക്കാതെ ഇരിക്കുന്തോറും അതിനുള്ളിലെ കരിമരുന്ന് തണുത്ത് നശിക്കും.
കമ്പിത്തിരി തെളിയും
കടകളിൽ അവശേഷിച്ചിട്ടുള്ള കമ്പിത്തിരികളുമായി ദീപാവലിക്ക് പടക്കശാല തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. മെസിക്കൽ കോളേജിലും എൻജിനീയറിംഗ് കോളേജുകളിലും പഠിക്കുന്ന ഉത്തരേന്ത്യൻ വിദ്യാർത്ഥികളായിരുന്നു ദീപാവലി കാലത്തെ സ്ഥിരം ഉപഭോക്താക്കൾ. ഇത്തവണ അവരെയും പ്രതീക്ഷിക്കുന്നില്ല. വിഷു, ദീപാവലി, ക്രിസ്മസ് എന്നീ ആഘോഷങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രധാന വരുമാനം നേടുന്ന മേഖലയാണ് പടക്ക വ്യാപാരം. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടക്കുന്ന പടക്ക വ്യാപാരം ബോണസായി മാത്രമേ കാണാകൂ.
നഗരത്തിൽ ലൈസൻസുള്ള പടക്ക കടകൾ: 4
പൊതുവേ ദീപാവലി സീസൺ ജില്ലയിൽ മോശമാണ്. കച്ചവടം നടക്കാതെ പടക്കം നശിച്ചു പോയാൽ വലിയ നഷ്ടം നേരിടേണ്ടി വരും. ഇത് മുന്നിൽ കണ്ടാണ് ഇത്തവണ സ്റ്റോക്ക് എടുക്കണ്ടെന്ന് തീരുമാനിച്ചത്
- പടക്ക വ്യാപാരി