
പോഷകാഹാര വിതരണവുമായി ഐ.സി.ഡി.എസ്
ആലപ്പുഴ: കൊവിഡ് ഭീതിക്കിടയിലും കുരുന്നുകൾക്ക് കരുതലുമായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ്. ജനനം മുതൽ കുട്ടിക്ക് രണ്ടുവയസ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിന പരിപാടിക്ക് 49.26 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചത് . മുതുകുളത്തെ 343 ഗുണഭോക്താക്കളെയാണ് ജില്ലയിൽ തെരഞ്ഞെടുത്തിരിക്കുന്നത്.
2013-ൽ ശിശുമരണങ്ങളുടെ അടിസ്ഥാനത്തിൽ അട്ടപ്പാടിയിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. പിന്നീട് മലയോര, തീരദേശ മേഖലകളിലെ 10 ഐ.സി.ഡി.എസുകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിച്ചു. കുട്ടിയുടെ സമഗ്ര വളർച്ചയിൽ ഏറ്റവും പ്രധാനമാണ് ഗർഭാവസ്ഥയിലെ ഒമ്പതു മാസം മുതൽ രണ്ട് വയസ് തികയുന്നതുവരെയുള്ള ദിനങ്ങൾ. ശിശുമരണത്തിൽ 50 ശതമാനവും നടക്കുന്നത് ഒരുവയസിനുള്ളിലാണ്. കുട്ടികളിൽ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും വളർച്ചയിൽ മുരടിപ്പുണ്ടാകുന്നതും ഇക്കാലത്താണ്. ഇതിനായി തെറാപ്യൂട്ടീക് ഫുഡ് നൽകുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഗൈനക്കോളജിസ്റ്റിന്റെയും പീഡിയാട്രീഷ്യന്റെയും നിർദേശപ്രകാരം പോഷകമൂല്യമുള്ള ഉത്പന്നങ്ങളാണ് ഇതിനായി നൽകുന്നത്. തെറാപ്യൂട്ടിക് ഫുഡ് രൂപകല്പന ചെയ്തിരിക്കുന്നത് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമാണ്. കുടുബശ്രീയുമായി ചേർന്ന് തയ്യാറാക്കുന്ന തെറാപ്യൂട്ടിക് ഫുഡ് അങ്കണവാടികൾ വഴി ഗുണഭോക്താക്കളിൽ എത്തിക്കാനാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ജില്ലയിൽ ഗുണഭോക്താക്കൾ : 343
3 കിലോ വീതം ആറുമാസം
ഒരു ഗുണഭോക്താവിന് ഒരു മാസത്തേക്ക് മൂന്നുകിലോ തെറാപ്യൂട്ടിക് ഫുഡ് വീതം ആറ് മാസത്തേക്കാണ് നൽകുന്നത്. ഒരു കിലോഗ്രാമിന് 96.06 രൂപയാണ് വില. അങ്കണവാടി വർക്കർമാർ വീടുകൾ സന്ദർശിച്ച് ഗർഭിണികളുടെ തൂക്കത്തിൽ വരുന്ന വ്യത്യാസം, പ്രസവത്തിന്റെ വിവരങ്ങൾ, കുട്ടിയുടെ തൂക്കം എന്നിവ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യും.
അതിപ്രധാനം 1000 ദിനങ്ങൾ
ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണായക കാലഘട്ടം ജനിച്ചുകഴിഞ്ഞുള്ള 1000 ദിവസമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. പോഷകാഹാര സ്ഥിതി, ഉയരം, വിദ്യാഭ്യാസമികവ്, സ്വഭാവരൂപവത്കരണം, സന്തോഷമായിരിക്കാനുള്ള മാനസികാവസ്ഥ തുടങ്ങി ഒരു വ്യക്തിക്ക് പിന്നീടുള്ള ജീവിതത്തിൽ ഉണ്ടാകുന്നതൊക്കെ ആ ചെറിയ പ്രായത്തിൽ നിർണയിക്കപ്പെടും.
കുട്ടികളിൽ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും വളർച്ചയിൽ മുരടിപ്പുണ്ടാകുന്നതും ഇക്കാലത്താണ്. വലുതാകുമ്പോഴുണ്ടാകുന്ന രക്താതിമർദ്ദത്തിനും ശൈശവത്തിലെ ഭക്ഷണവും ജീവിതശൈലിയും കാരണമാകും. പ്രായപൂർത്തിയാകുമ്പോഴുള്ള ഉയരം, ബുദ്ധി ഇവയെ ചെറിയപ്രായത്തിലെ രോഗങ്ങളും പോഷകാഹാരക്കുറവും ബാധിക്കും.
'' ഗർഭാവസ്ഥയിലെ 9 മാസം മുതൽ കുട്ടിക്ക് രണ്ട് വയസ് തികയുന്നതുവരെയുള്ള ദിനങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് അതാത് പരിധിയിലെ അങ്കണവാടികൾ മുഖേന തെറാപ്യൂട്ടിക് ഫുഡ് വിതരണം നടത്തും.
ഐ.സി.ഡി.എസ് അധികൃതർ