
ഹരിപ്പാട്: കരുവാറ്റ ബാങ്ക് കവർച്ച കേസിലെ ഒന്നാംപ്രതി ആൽബിൻ രാജ്, രണ്ടാംപ്രതി ഷൈബു എന്നിവരുമായി പൊലീസ് കൊല്ലത്ത് തെളിവെടുപ്പ് നടത്തി. മോഷണശേഷം ആൽബിൻ രാജും, ഷൈബുവും കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോയിരുന്നു. മോഷണത്തിന് ഉപയോഗിച്ച ഗ്യാസ് സിലിണ്ടറുകൾ, ഇവ കൊണ്ടുവരാൻ ഉപയോഗിച്ച ഒമിനി വാൻ, ബാങ്കിൽ നിന്നും എടുത്ത സി.സി ടിവി, കമ്പ്യൂട്ടർ സി.പി.യുകൾ എന്നിവ ഇന്നലെ കണ്ടെടുത്തു. ഒമിനി വാൻ മോഷ്ടിച്ചതിന് പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തു. കടയ്ക്കൽ സ്വദേശിയുടെ വാഹനം മോഷ്ടിച്ച ഇവർ ബാങ്ക് കൊള്ളയടിച്ചശേഷം തൊട്ടടുത്ത ദിവസം അഞ്ചൽ ഉൾഭാഗത്തുള്ള വനമേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ ഭാഗത്ത് തന്നെ വനത്തിലാണ് ബാങ്കിലെ സി.സി ടിവി യും രണ്ട് സി.പി.യുകളും ഉപേക്ഷിച്ചിരുന്നത്. ഇവയും കണ്ടെത്തി. ബാങ്കിലെ ലോക്കർ കട്ട് ചെയ്യാനായി ഉപയോഗിച്ച ഗ്യാസ് സിലിണ്ടറുകൾ പുനലൂർ പോളിടെക്നിക് സമീപം റോഡിൽ നിന്നും അഞ്ച് അടി താഴ്ചയുള്ള ഭാഗത്ത് നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഷൈബുവിന്റെ ഹരിപ്പാടുള്ള വാടകവീട്ടിലെ കിണർ പൊലീസ് വറ്റിച്ചിരുന്നെങ്കിലും ഇതിൽ നിന്നും ഒന്നും ലഭിച്ചില്ല.