പൂച്ചാക്കൽ: പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കുമിടെ, ചേന്നം പള്ളിപ്പുറം ഫുഡ് പാർക്കിൽ നിന്നും കൈതപ്പുഴ കായലിലേക്ക് മലിനജലം ഒഴുക്കുവാനുള്ള പൈപ്പ് ലൈനിന്റെ പണി അവസാനഘട്ടത്തിലായി. ഒരു കിലോമീറ്റർ നീളത്തിലാണ് പൈപ്പ് ലൈൻ. പ്രതിഷേധക്കാരെ അകറ്റി നിർത്താൻ മുന്നൂറോളം പൊലീസുകാരുടെ കാവലിലാണ് നിർമ്മാണം. കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസും, ബി.ജെ.പി.യും പോഷക സംഘടനകളും റിലേ സമരത്തിലാണ്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് സി.പി.എം ചേർത്തല ഏരിയ കമ്മറ്റി കെ.എസ്.ഐ.ഡി.സി യോട് ആവശ്യപ്പെട്ടിരുന്നു.
84 ഏക്കറിലുള്ള ഫുഡ് പാർക്കിൽ 24 മത്സ്യ സംസ്കരണ യൂണിറ്റുകളാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. അവിടെ നിന്നും പ്രതിദിനം 20 ലക്ഷം ലിറ്റർ മലിനജലമാണ് പുറത്തേക്ക് തള്ളപ്പെടാൻ പോകുന്നത്. ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്.
ശനിയാഴ്ച മത്സ്യതൊഴിലാളി കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കായൽ സമരം ജില്ലാ പ്രസിഡന്റ് ജയിംസ് ചുങ്കുതറ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എൻ.പി.പ്രദീപ്, ഡി.സി.സി.ജനറൽ സെക്രട്ടറി എം.ആർ.രാജേഷ്, സിബി ജോൺ, കൈലാസൻ ,പി .എസ് അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി.