s

ഉരുളക്കിഴങ്ങിനും കാബേജിനും ക്യാരറ്റിനും വില ഉയരുന്നു

ആലപ്പുഴ: ദിനം പ്രതി റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന ഉള്ളി വില കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. സവാളയ്ക്കും ചെറിയ ഉള്ളിക്കും ഒരു പോലെ വില ഉയരുകയാണ്. ഇതോടെ വീട്ടമ്മമാർ കറികളിൽ നിന്ന് സവാളയെയും ഉള്ളിയെയും പരമാവധി അകറ്റി നിറുത്തി. ഒരു കിലോ സവാളയ്ക്ക് 85 രൂപയാണ് ഇന്നലത്തെ വില. ചെറിയ ഉള്ളിയ്ക്ക് 87രൂപയും. ഉള്ളി ഉത്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കർണാടകയിലും വ്യാപകമായ മഴയിൽ വിള നശിച്ചതാണ് വില ഉയരാൻ കാരണം.

ഹോർട്ടി കോർപ്പ് കുറഞ്ഞ വിലയ്ക്ക് ഒരാൾക്ക് ഒരു കിലോ വീതം സവാള ലഭ്യമാക്കുന്നത് ഗാർഹിക ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസമാണ്. എന്നാൽ ഹോട്ടൽ മേഖല വിലക്കയറ്റത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ കിലോയ്ക്ക് 200 രൂപ വരെ ഉള്ളിവില എത്തിയിരുന്നു. വിലക്കയറ്റം കാരണം ആവശ്യക്കാർ കുറഞ്ഞതോടെ, സ്റ്റോക്ക് ചെയ്ത ഉള്ളി ചീഞ്ഞ് പോകുന്നത് ചെറുകിട കച്ചവടക്കാരെ നഷ്ടത്തിലാക്കും. അടുത്തയാഴ്ച പുതിയ ലോഡ് എത്തുന്നതോടെ ഉള്ളി വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഉള്ളിയ്ക്കൊപ്പം ഉരുളക്കിഴങ്ങിന്റെ വിലയും ദിനംപ്രതി വർദ്ധിക്കുകയാണ്. ചില്ലറ വിപണിയിൽ കിലോയ്ക്ക് 50-60 രൂപയാണ് ഉരുളക്കിഴങ്ങിന് വില. പച്ചക്കറിയിൽ ക്യാരറ്റ്,ബീറ്റ്റൂട്ട്,കാബേജ് എന്നിവയ്ക്കാണ് വിലവർദ്ധന.

ഒരു കിലോ @ 45

കുതിച്ചുയരുന്ന സവാള വില പിടിച്ചു നിറുത്താൻ ഹോർട്ടി കോർപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കിലോയ്ക്ക് 45 രൂപ നിരക്കിൽ ഹോർട്ടി കോർപ്പ് നേരിട്ടും ഫ്രാഞ്ചെസി സ്റ്റാളുകളിലും വിൽപ്പന നടത്തുന്നുണ്ട്. എന്നാൽ, ഒരു തവണ ഒരാൾക്ക് ഒരു കിലോഗ്രാമേ ലഭിക്കുകയുള്ളൂ. കേരളത്തിൽ സവാള വില നിയന്ത്രിക്കാൻ നാഫെഡിൽ നിന്ന് 75 ടൺ സവാളയാണ് അടിയന്തരമായി എത്തിക്കുന്നത്.

ഉള്ളിവില(ഒരുകിലോഗ്രാമിന് ഇന്നലത്തെ വില)

ഒന്നാംതരം സവോള....₹ 80-85

 വലിപ്പം കുറഞ്ഞവ.......₹ 70-75

ചെറിയ ഉള്ളി ................₹83-87

പച്ചക്കറി (ഒരുകിലോഗ്രാമിന് വില 4 ദിവസം മുമ്പ് ,ഇന്നലെ)

 കാബേജ്........₹ 40,70

 ക്യാരറ്റ്............₹ 70,94

 ബീറ്റ്റൂട്ട്..........₹ 48,58

..............

'' ജില്ലയിൽ ആവശ്യത്തിന് ഉള്ളി എത്തുന്നുണ്ട്. എന്നാൽകച്ചവടം കുറവാണ്. അടുത്തആഴ്ച മുതൽ ഉള്ളി വില കുറയാൻ സാദ്ധ്യതയുണ്ട്. പച്ചക്കറി വില വീണ്ടും ഉയരുന്നത് ആശങ്കയുയർത്തുന്നു.

(നജീബ്,ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ മർച്ചന്റ്സ് അസോ.സെക്രട്ടറി)