ആലപ്പുഴ : തുലാവർഷം 28മുതൽ എത്തുമെന്ന കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ കുട്ടനാട്ടിൽ രണ്ടാംകൃഷി വിളവെടുപ്പ് പ്രതിസന്ധിയിലേക്ക് . രണ്ടാംകൃഷിയുടെ വിളവെടുപ്പും നെല്ല് സംഭരണവും വേഗത്തിലാക്കുന്നതിന് കാര്യമായ ഇടപെടൽ കൃഷി വകുപ്പ് നടത്തുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. തുലാവർഷം ആരംഭിക്കുന്നതിന് മുമ്പ് നെല്ല് സംഭരണത്തിൽ അന്തിമ തീരുമാനം ഉണ്ടാവണമെന്ന ആവശ്യം ശക്തമായി. ഇതവണ 14,000ത്തോളം ഏക്കറിലാണ് വിളവെടുക്കാനുള്ളത്.

തകഴി, കരുവാറ്റ,ചമ്പക്കുളം, പുറക്കാട് എന്നീ പഞ്ചായത്തുകളിലെ 400ഏക്കറിലാണ് കൊയ്ത് പൂർത്തീകരിച്ചത്. നെല്ല് സംഭരിക്കുന്നതിന് രണ്ട് മില്ലുകൾ മാത്രമാണ് സർക്കാരുമായി കരാർ ഒപ്പിട്ടിട്ടുള്ളത് .ആകെ മൂന്ന് ലോഡ് നെല്ല് മാത്രമാണ് സംഭരിച്ചത്. ശേഷിച്ച നെൽ സംഭരിക്കാതെ പാടശേഖരങ്ങളുടെ നടുക്കും ബണ്ടുകളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്.

വീട്ടുവീഴ്ച വേണം

സർക്കാരും മില്ല് ഉടമകളും തമ്മിൽ ധാരണയാവാത്തതു മൂലം വലയുന്നത് കർഷകരാണ്. 2018ൽ പ്രളയത്തിൽ നെല്ല് സംഭരണത്തിലുണ്ടായ നഷ്ടം സിവിൽ സപ്ളൈസ് വകുപ്പ് മില്ലുടമകൾക്ക് നൽകണമെന്നത് അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ബദൽ സംവിധാനം എന്ന തരത്തിൽ സർക്കാർ സഹകരണ സംഘങ്ങൾ വഴി സംഭരണത്തിന് തീരുമാനം എടുത്തു. എന്നാൽ, എടുക്കുന്ന നെല്ലിന്റെ വില സംഘങ്ങൾക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമാവാത്തതും സംഭരിക്കുന്ന നെല്ല് ശേഖരിച്ച് വയ്ക്കുന്നതിനുള്ള ഇടം ഇല്ലാത്തതും ആണ് സംഘങ്ങൾ കരാർ ഒപ്പിടാൻ മടിക്കുന്നതിന് പിന്നിൽ. സംഭരിക്കുന്ന നെല്ല് ഏത് തരത്തിൽ വിറ്റഴിക്കണമെന്ന നിർദേശവും സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല.

ഗോഡൗൺസൗകര്യം ഇല്ല

നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ നിയോഗിക്കാനുള്ള തീരുമാനം വിനയാകുമെന്ന് ആശങ്കയുയരുന്നു. പല സംഘങ്ങൾക്കും ഗോഡൗൺ സൗകര്യമില്ലാത്തതാണ് കാരണം.

വിത്തോ, വളമോ, കീടനാശിനിയോ സൂക്ഷിക്കാനുള്ള സ്ഥലം പോലും ഇവിടങ്ങളിൽ പരിമിതമാണ്. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ തുക നൽകാൻ സംഘങ്ങൾക്ക് കരുതൽ മൂലധനം ഇല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കും. പതിറ്റാണ്ടുകൾക്ക് മുൻപ് സംഭരണം ഏൽപ്പിച്ച പല സഹകരണ സംഘങ്ങളും തകർന്നടിഞ്ഞ അവസ്ഥയിൽ എത്തിയിരുന്നു. സംഘങ്ങൾ ശേഖരിക്കുന്ന നെല്ല് പൂപ്പലും ഈർപ്പവും പിടിച്ച് നശിച്ചതോടെ സംഭരണ ഏജൻസികൾ പിൻമാറിയതോടെയാണ് പല സംഘങ്ങളുടെയും നാശത്തിൽ കലാശിച്ചത്.