ആലപ്പുഴ : യാചകന്റെ വേഷത്തിലെത്തി ആലപ്പുഴ ജെട്ടിയിൽ പതിവായി മോഷണം നടത്തി വന്നയാളെ യാത്രക്കാർ പിടികൂടി പൊലീസിനു കൈമാറി. ഇന്നലെ ഉച്ചക്ക് രണ്ടരമണിയോടെ കോട്ടയത്തേക്ക് പുറപ്പെട്ട ബോട്ടിൽ നിന്ന് 3800രൂപയുടെ പലചരക്ക് സാധനങ്ങൾ അടങ്ങിയ കിറ്റ് മോഷണം പോയി. കഴിഞ്ഞ ദിവസം 2800രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് കവർന്നിരുന്നു. ഇതിനെ തുടർന്ന് സമീപത്തെ കടക്കാർ നിരീക്ഷണം നടത്തി വരുകയായിരുന്നു. ജെട്ടിയിൽ കിടന്ന് ഉറങ്ങിയിരുന്ന 50വയസ് പ്രായം തോന്നുന്ന യാചകൻ ബോട്ട് പറപ്പെടുന്ന സമയമായപ്പോൾ പെട്ടെന്ന് എഴുന്നേറ്റ് ബോട്ടിന്റെ പിൻഭാഗത്ത് എത്തി ഭക്ഷ്യധാന്യ കിറ്റ് കവർന്നത് കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല.