
പ്രതീക്ഷിച്ചത്ര ഫലവത്താകാതെ ജപ്പാൻ കുടിവെള്ള പദ്ധതി
പൂച്ചാക്കൽ: ചേർത്തല താലൂക്കിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായി കൊണ്ടുവന്ന ജപ്പാൻ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്ത് പത്ത് വർഷം പിന്നിട്ടിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. പ്രതിദിനം 107 മില്യൺ ലിറ്റർ ഉത്പാദനക്ഷമതയുള്ള പ്ലാന്റിൽ നിന്നും താലൂക്കിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ശുദ്ധജലം എത്തിക്കാൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ.
വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന തൈക്കാട്ടുശേരി മാക്കേക്കടവ് ജംഗ്ഷനു സമീപമുള്ള 50 ഏക്കർ ഭൂമിയിൽ പകുതിയിലധികം സ്ഥലവും അക്കേഷ്യ പോലുള്ള മരങ്ങൾ നിറഞ്ഞ് കാട് പിടിച്ചു കിടക്കുകയാണ്.ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ താമസിക്കാനാളുകളില്ലാതെ നശിക്കുന്നു. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവായി. ചില ദിവസങ്ങളിൽ വെള്ളത്തിൽ ക്ലോറിന്റെ അളവ് അമിതമാകുന്നുവെന്ന് പരാതിയുമുണ്ട്. ചില സ്ഥലങ്ങളിൽ രാത്രിയിലും മറ്റിടങ്ങളിൽ പകലും മാത്രമാണ് വെള്ളം കിട്ടുന്നത്. എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണിക്കായി ഒരാഴ്ചയെങ്കിലുമെടുക്കും.
ചേർത്തല താലൂക്കിലെ സാധാരണക്കാരുടെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ
എ.കെ.ആന്റണി വിഭാവനം ചെയ്ത 600 കോടി രൂപയുടെ പദ്ധതിയാണിത്. പല തരത്തിലുള്ള വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ 2007 ൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി 50 ഏക്കർ ഭൂമി ഏറ്റെടുത്തു. 2010 ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
വെള്ളം മൂവാറ്റുപുഴ ആറിൽ നിന്ന്
പിറവത്ത് മൂവാറ്റുപുഴ ആറിൽ നിന്നും വേമ്പനാട് കായലിലൂടെയാണ് മാക്കേകടവിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ പല തലങ്ങളിൽ ശുദ്ധീകരിച്ച് ക്ലോറിനൈസേഷൻ ചെയ്ത് ചേർത്തല നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും സ്ഥാപിച്ചിരിക്കുന്ന ഓവർ ഹെഡ് ടാങ്കുകളിലെത്തിക്കും. അവിടെ നിന്ന് ഗാർഹിക പൈപ്പുകൾ വഴി ഗുണഭോക്കാക്കൾക്ക് ലഭിക്കും. പഞ്ചായത്തുകളിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച, കാലപ്പഴക്കം കൊണ്ട് ദ്രവിച്ച പൈപ്പുകളിലൂടെ ശക്തമായി വെള്ളം എത്തിയതോടെ പൈപ്പുകൾ പൊട്ടിവിതരണം തടസപ്പെടുന്നുണ്ട്.
ജപ്പാൻ കുടിവെള്ള പദ്ധതി
ആകെ തുക : 600 കോടി (ആദ്യം 490 കോടിയായിരുന്നു)
2007 ൽ ട്രീറ്റ്മെന്റ് പ്ളാന്റിന് ഏറ്റെടുത്തത് :50 ഏക്കർ
പദ്ധതിയുടെ ഉദ്ഘാടനം :2010 ൽ
40 : പദ്ധതി ഉദ്ഘാടനം ചെയ്തിട്ട് പത്ത് വർഷം പിന്നിടുമ്പോഴും 40 ശതമാനം കുടുംബങ്ങൾ ഇപ്പോഴും ശുദ്ധജലത്തിനായി കാത്തിരിക്കുന്നു