
ആലപ്പുഴ: വീടുകളിലും ക്ഷേത്രങ്ങളിലും കുരുന്നുകൾ ആദ്യക്ഷരം കുറിച്ച് ആഹ്ളാദം നുണഞ്ഞപ്പോൾ, കലാരംഗത്തെ ഗുരുക്കൻമാർക്ക് നിരാശ മാത്രം നൽകിയ വിദ്യാരംഭദിനമാണ് കഴിഞ്ഞുപോയത്. നൃത്തം അഭ്യസിക്കാൻ പലരും അഡ്മിഷന് വേണ്ടി എത്തിയെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ പുതിയ കുട്ടികളെ പ്രവേശിപ്പിച്ചില്ലെന്ന് നൃത്താദ്ധ്യാപകർ പറയുന്നു.
മുദ്രകളും ചുവടുകളും ഒപ്പം നിന്ന് വേണം അഭ്യസിക്കേണ്ടത്. കാമറയിൽ റെക്കാഡ് ചെയ്ത് സ്ക്രീനിൽ കാണിക്കുമ്പോൾ ചുവടുകളുടെ വശം പോലും പുതിയ കുട്ടികൾക്ക് മനസിലാവില്ല. അതേ സമയം പാട്ട് ക്ലാസുകളിൽ സാമൂഹിക അകലം പാലിച്ചിരിക്കാവുന്ന തരത്തിൽ കുട്ടികൾക്ക് പ്രവേശനം നൽകി. തത്സമയം കേട്ട് തെറ്റുകൾ ഒരു പരിധി വരെ തിരുത്താനാവുമെന്നതിനാൽ ഓൺലൈൻ പാട്ട് ക്ലാസുകൾക്കും വിദ്യാരംഭ ദിനത്തിൽ തുടക്കം കുറിച്ചു. വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് വാദ്യോപകരണ ക്ലാസുകളിൽ പ്രവേശനം നൽകിയത്. കെട്ടിട വാടക നൽകാൻ പോലും വരുമാനമില്ലാതായതോടെ പല ചെറിയ കലാ വിദ്യാലയങ്ങളും പൂട്ടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കലാപഠനത്തിനെത്തുന്ന വീട്ടമ്മമാരുടെ എണ്ണം വർദ്ധിച്ചിരുന്നു. എന്നാൽ, ഇത്തവണ കൊവിഡ് ഭീതി മൂലം വീട്ടമ്മമാരും പഠനത്തിന് എത്തിയില്ല.
അഡ്മിഷനായി പലരും വിളിച്ച് തിരക്കിയിരുന്നു. നൃത്തം ശാരീരിക അദ്ധ്വാനം വേണ്ട കലയാണ്. സാമൂഹിക അകലം പാലിച്ച് പുതിയ കുട്ടികളെ പഠിപ്പിക്കാൻ കഴിയില്ല. അതിനാൽ ഇത്തവണ ആർക്കും അഡ്മിഷൻ നൽകിയില്ല.
- ശൈലേഷ്, നൃത്താദ്ധ്യാപകൻ
വിരലിലെണ്ണാവുന്ന കുട്ടികളാണ് പാട്ട് പഠിക്കാൻ പുതുതായി എത്തിയത്. ക്ലാസുകൾ സാമൂഹിക അകലം പാലിച്ചും, ഓൺലൈൻ വഴിയും നടത്താനാണ് ഉദ്ദേശിക്കുന്നത്
മുരളി , സംഗീതാദ്ധ്യാപകൻ
ഒരു കുട്ടി പോലും ഇത്തവണ വിദ്യാരംഭം കുറിക്കാൻ എത്തിയില്ല. വാദ്യോപകരണങ്ങൾ പരിശീലിക്കാൻ ആഗ്രഹമുണ്ടെങ്കിലും കൊവിഡിനെ ഭയപ്പെട്ടാണ് ആരും എത്താത്തത്
അനിൽ , മൃദംഗ വിദ്വാൻ