vayalar

ആലപ്പുഴ: മലയാളിയുടെ പ്രണയസങ്കല്പങ്ങളിലും ഭക്തിയിലുമെല്ലാം തന്റെ കാവ്യഭാവന സന്നിവേശിപ്പിച്ച അനശ്വരകവി വയലാറിന്റെ വലിയൊരു സ്വപ്നം സഫലമായില്ല. ഏറെ മോഹിച്ച് എഴുതി പൂർത്തിയാക്കിയ ഒരേയൊരു തിരക്കഥ, 'കചദേവയാനി' സിനിമയാവണമെന്നത് വലിയ മോഹമായിരുന്നു. തന്റെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നതാണ് കചനും ദേവയാനിയുമായുള്ള പ്രണയമെന്ന് ഏറ്റവും അടുത്ത കൂട്ടുകാരോട് അദ്ദേഹം പറഞ്ഞിരുന്നു. 'കചദേവയാനി' സിനിമയാക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് വയലാർ യാത്രയായത്. വയലാർ രാമവർമ്മയെ കേന്ദ്രകഥാപാത്രമാക്കി, പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന സിനിമയിൽ ഈ തിരക്കഥയും അതിന്റെ വികാസ പരിണാമങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഏറെക്കാലം കഥാബീജം മനസിൽ പേറി നടന്ന ശേഷമാണ് വയലാർ തിരക്കഥാ രചനയിലേക്ക് കടക്കുന്നത്. പീച്ചിഡാം റസ്റ്റ് ഹൗസിലായിരുന്നു എഴുത്ത്.

പി.സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള മെരിലാന്റ് ആണ് അക്കാലത്ത് ഇത്തരം ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്. എന്നാൽ ചെമ്മീൻ സിനിമയുടെ ഉജ്ജ്വല വിജയത്തിനുശേഷം കചദേവയാനി സിനിമയാക്കാൻ നിർമ്മാതാവ് കണ്മണിബാബു വലിയ താത്പര്യം കാട്ടി. ഒരു സായാഹ്നത്തിൽ പീച്ചി ഡാമിലെത്തിയ സംവിധായകൻ രാമുകാര്യാട്ട് , വയലറിനൊപ്പമിരുന്ന് കചദേവയാനിയുടെ തിരക്കഥ വായിച്ചു. അദ്ദേഹത്തിനും വലിയ ആവേശമായി. അന്ന് രാത്രിയിൽ രാമുകാര്യാട്ടിനെ കെട്ടിപ്പിടിച്ച് വയലാർ ഏറെനേരം കരഞ്ഞു. അതിനുശേഷം ഇരുവരും തമ്മിൽ കാണാൻ കാലം അനുവദിച്ചില്ല. അധികം വൈകാതെ വയലാർ വിടപറഞ്ഞു.

വയലാറിനെക്കുറിച്ചുള്ള സിനിമയിൽ ഈ സംഭവങ്ങളെല്ലാം പ്രതിപാദിക്കുന്നുണ്ട്. വയലാറിന്റെ ജീവിതത്തിലെ തീർത്തും വ്യക്തിപരവും മാനുഷികവുമായ നിരവധി സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. കുടുംബപ്രേക്ഷകർക്കും ന്യൂജെൻ പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദ്യമാവുംവിധമാണ് പ്രമോദ് ചിത്രം ഒരുക്കുന്നത്. അടുത്തമാസം താരനിർണയം നടക്കും. വൈകാതെ ചിത്രീകരണവും തുടങ്ങും.