മൂന്ന് പേർ കസ്റ്റഡിയിൽ
ആലപ്പുഴ: അനധികൃതമായി സൂക്ഷിച്ചിരുന്ന 172 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നു പേരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ വലിയമരം വാർഡിൽ അജിത്കുമാർ (51), എ.എൻ.പുരം സ്വദേശി കണ്ണൻ (46), ആര്യാട് സ്വദേശി ഷംസുദ്ദീൻ (53) എന്നിവരാണ് പിടിയിലായത്. അജിത്കുമാറിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഭക്ഷ്യധാന്യശേഖരം പിടിച്ചത്. തിങ്കളാഴ്ച പകൽ മൂന്നോടെയാണ് സംഭവം. കുത്തരി, പച്ചരി, ചാക്കരി, പുഴുക്കരി, ഗോതമ്പ്, പുഞ്ചയരി എന്നിവയാണ് പിടിച്ചെടുത്തത്. 11 ചാക്ക് ഭക്ഷ്യധാന്യം ഓട്ടോയിലെത്തിച്ചപ്പോഴാണ് ഷംസുദ്ദീൻ പിടിയിലായത്. പൊതു വിതരണ വകുപ്പിന്റെ പരിശോധന കൂടി കഴിഞ്ഞാലേ മറ്റു നടപടികളെടുക്കുവെന്ന് സൗത്ത് പൊലീസ് പറഞ്ഞു. പൊതുവിതരണ വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗമാകും പരിശോധന നടത്തുക.