s

കൂടിയ വിലയ്ക്ക് സ്വകാര്യ മില്ലുകളുടെ ചാക്കിൽ നിറച്ചെത്തുന്നതും റേഷൻ അരി

ആലപ്പുഴ : സ്വകാര്യ മില്ലുകൾക്ക് മറിച്ചു വിൽക്കാനായി റേഷൻ കടക്കാരിൽ നിന്ന് വൻതോതിൽ അരി ശേഖരിക്കുന്ന സംഘങ്ങൾ ജില്ലയിൽ സജീവം.കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽനിന്ന് 172 ചാക്ക് റേഷനരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ പൊലീസ് പിടിച്ചെടുത്തതോടെയാണ് ഇത് പുറത്തായത്. ഇങ്ങനെ കടത്തുന്ന റേഷനരി വിവിധ സ്വകാര്യ മില്ലുകളുടെ ലേബൽ പതിച്ച പ്ളാസ്റ്റികി" ചാക്കുകളിലാക്കി വിപണിയിൽ കൂടിയ വിലയ്ക്ക് വിൽക്കും.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരത്തിലെ മറ്റൊരു വീട്ടിൽ നിന്ന് 2500 കിലോ റേഷനരിയും ഇത് നിറയ്ക്കുന്ന പ്ളാസ്റ്റിക് ചാക്കും തുന്നാനുള്ള മെഷീനും അമ്പലപ്പുഴ താലൂക്ക് സപ്‌ളൈ ഓഫീസറുടെ നേതൃത്വത്തിൽ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം തിരുവമ്പാടിയിലെ വീട്ടിൽ നിന്ന് പിടിച്ചത് 50കിലോ വീതം തൂക്കമുള്ള 159 ചാക്ക് കുത്തരി, ചാക്കരി, പച്ചരി, ഗോതമ്പ് എന്നിവയാണ്. കാലടിയിലെ സ്വകാര്യ മില്ലിൽ കിലോക്ക് 17രൂപ നിരക്കിലാണ് അരി വിൽക്കുന്നതെന്ന് കെട്ടിട ഉടമ ഉൾപ്പെടെ പിടിയിലായ മൂന്നംഗ സംഘം ആലപ്പുഴ സൗത്ത് പൊലീസിനോട് പറഞ്ഞു. ഗോഡൗണിലേക്ക് അരി എത്തിക്കുന്നതിനിടെ ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റേഷൻ കടക്കാർ 10 രൂപയിൽ താഴെ നിരക്കിലാണ് ഇവർക്ക് അരി നൽകുന്നത്. ഇങ്ങനെ ശേഖരിക്കുന്ന അരി സ്വകാര്യ മില്ല് ഉടമകൾ എത്തിക്കുന്ന പ്ളാസ്റ്റിക്ക് ചാക്കിൽ 50കിലോ വീതം നിറച്ച് നൽകും. അരി ശേഖരിക്കുന്ന കെട്ടിടത്തിന്റെ വാടകയും ചാക്ക് തുന്നുന്നതിനുള്ള യന്ത്രങ്ങളും മില്ലുടമകൾ എത്തിച്ചു കൊടുക്കും.

സൗജന്യ അരിയും മറിയും

അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതി പ്രകാരം ഒരു കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പുമാണ് പ്രതിമാസം സൗജന്യമായി നൽകുന്നത്. ബി.പി.എൽ കാർഡുകളിൽ ഒരംഗത്തിന് പ്രതിമാസം 4 കിലോ അരിയും ഒരുകിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ നൽകുന്നുണ്ട്. ഇത് 10 രൂപ നിരക്കിലാണ് കരിഞ്ചന്തയിൽ വിൽക്കുന്നത്. ചില റേഷൻ കടക്കാർ പലപ്പോഴും രണ്ടു മുതൽ നാലുകിലോ വരെ അരി കുറച്ചാണ് കാർഡ് ഉടമകൾക്ക് നൽകുന്നതെന്നും ആക്ഷേപമുണ്ട്. കയറ്റിയിറക്ക് സമയത്ത് ചാക്കിൽ നിന്ന് ചോർന്ന് അരി നഷ്ടപ്പെടുന്നുണ്ട് എന്നതാണ് ഇതിനു നൽകുന്ന വിശദീകരണം. ഇങ്ങനെ അധികമായി വരുന്ന അരി റേഷൻ കടക്കാർ കരിഞ്ചന്തക്കാർക്ക് കിലോയ്ക്ക് പത്തുമുതൽ 12 രൂപ വരെ നിരക്കിൽ മറിച്ച് വിൽക്കും.

എ.എ.വൈ, ബി.പി.എൽ കാർഡുടമകൾ വാങ്ങുന്ന അരിയിൽ പകുതിയും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാതെ കാലിത്തീറ്റയിലേക്കും കരിഞ്ചന്തയിലേക്കും മറിയുകയാണ്.

റേഷൻകാർഡും അരിയും

ജില്ലയിലെ ആകെ കാർഡുകൾ: 5.83 ലക്ഷം

മാസംതോറും സൗജന്യമായി നൽകുന്ന അരി : 1.52 ലക്ഷം കിലോഗ്രാം

രണ്ട് രൂപ നിരക്കിൽ നൽകുന്ന അരി : 9.37 ലക്ഷം കിലോഗ്രാം

ദുർവിനിയോഗം ഇങ്ങനെ

എ.എ.എ.വൈ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന അരി പലപ്പോഴും താറാവ്, കൊഴി തീറ്റകൾക്ക് ഉപയോഗിക്കുന്നു. അരി ദുർവിനിയോഗം ചെയ്യുന്നതിന് പരിശോധനാ സംവിധാനം ഇല്ലാത്തതും ഇത്തരക്കാർക്ക് അനുഗ്രഹമാണ്.

നിയമത്തിലും പഴുത് ഏറെ

കർശനമായ ശിക്ഷ ഇല്ലാത്തതിനാൽ അരി കടത്തിയതിന് പിടിയിലാകുന്നവർ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്. പൊലീസും സിവിൽ സപ്ളൈസ് ഓഫീസർമാരും പിടിച്ചെടുക്കുന്ന അരിയുടെയും മറ്റ് ഭക്ഷ്യസാധനങ്ങളുടെയും വിവരം ജില്ലാ കളക്ടർക്ക് കൈമാറും. പരിശോധന സമയത്ത് പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങളുടെ ബിൽ ഹാജരാക്കാൻ കഴിയാത്തവർക്കെതിരെ കളക്ടർ അവശ്യസാധന നിയമ പ്രകാരം വിശദീകരണ നോട്ടീസ് നൽകും. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പിഴചുമത്തുകയാണ് പതിവ്. ചിലർ കോടതിയെ സമീപിക്കാറുമുണ്ട്. അമ്പലപ്പുഴ, ചേർത്തല,കാർത്തികപ്പള്ളി താലൂക്കുകളിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 10ൽ അധികം കേസുകൾ എടുത്തെങ്കിലും തുടർ നടപടി എങ്ങും എത്തിയിട്ടില്ല.

അരി പിടികൂടിയ സംഭവം: 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

സ്വകാര്യ മില്ലുകളിലേക്ക് കടത്താനായി സംഭരിച്ച 172 ചാക്ക് റേഷൻ ഭക്ഷ്യധാന്യം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും പിടികൂടിയ സംഭവത്തിൽ ഭക്ഷ്യകമ്മീഷൻ സ്വമേധയാ കേസെടുത്തു. റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറാൻ ജില്ലാ സപ്ലൈ ഓഫീസറോട് ആവശ്യപ്പെട്ടു. ആലപ്പുഴ തിരുവമ്പാടി ജംഗ്ഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഭക്ഷ്യധാന്യം പിടിച്ചത്. സംഭവത്തിൽ ആലപ്പുഴ വലിയമരം വാർഡ് പുതുവൽപുരയിടം മോഹൻ നിവാസിൽ അജിത് കുമാർ (51), എ.എൻ.പുരം വാർഡ് യദുകുലത്തിൽ കണ്ണൻ (46), ആര്യാട് വെട്ടുവഴി ഷംസുദ്ദീൻ (53) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അജിത് കുമാറിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഭക്ഷ്യധാന്യശേഖരം പിടിച്ചത്. ഇന്നലെ അമ്പലപ്പുഴ താലൂക്കിലെ റേഷൻകടകളിൽ ജില്ലസപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ മിന്നൽ പിശോധന നടത്തി. നഗരത്തിലും മറ്റ് സ്ഥലങ്ങളിലുമായി 26 കടകളിലെ സ്റ്റോക്കും മറ്റ് രേഖകളും പരിശോധിച്ചു. 16 റേഷൻകടകളിൽ ക്രമക്കേട് കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയത് റേഷനരിയാണെന്ന് സൂചനയുണ്ടെങ്കിലും പലതരത്തിലുള്ള ചാക്കുകളിലായതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് ക്വാളിറ്റി കൺട്രോൾ വിഭാഗം അറിയിച്ചു.