
യുവാവിനെ പ്രകോപിപ്പിച്ചത് കള്ളനെ കണ്ടോ എന്ന ചോദ്യം
അമ്പലപ്പുഴ : മർദ്ദനമേറ്റ് 45കാരൻ മരിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡിൽ തൈവെളിയിൽ പ്രസന്നൻ -വിജയമ്മ ദമ്പതികളുടെ മകൻ പ്രഭാഷ് മരിച്ച കേസിലാണ് പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളിവീട്ടിൽ ശശിധരന്റെ മകൻ സുരാജിനെ (34) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
മർദ്ദനമേറ്റ നിലയിൽ ഞായറാഴ്ച അർദ്ധരാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രഭാഷ് രാവിലെ ആറോടെ മരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രഭാഷിന് മർദ്ദനമേറ്റിരുന്നതായും കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് പുന്നപ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് : കഴിഞ്ഞ ശനിയാഴ്ച പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭാഷിനെ രാത്രി 9 ഓടെ സുഹൃത്ത് സജി വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോയി. സമീപത്ത് എവിടെയോ കള്ളൻ കയറിയെന്ന് അറിഞ്ഞ പ്രഭാഷ് സജിയുടെ പിന്നിലിരുന്ന് സ്‌കൂട്ടറിൽ പോകവേ സമീപവാസിയായ സുരാജിനെ കാണുകയും കള്ളനെ കണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ സുരാജ് പ്രഭാഷിനെ സ്കൂട്ടറിൽ നിന്ന് ചവിട്ടി താഴെയിടുകയും പിന്നീട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സുഹൃത്ത് ഭയന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ടു. മർദ്ദനമേറ്റ നിലയിൽ റോഡിൽ കിടന്നിരുന്ന പ്രഭാഷിനെ മണിക്കൂറുകൾക്കു ശേഷം നാട്ടുകാരായ രണ്ടു പേർ വീട്ടിലെത്തിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് അർദ്ധരാത്രിയോടെ ബന്ധുക്കൾ പ്രഭാഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 6 ഓടെ പ്രഭാഷ് മരിച്ചു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം തിങ്കളാഴ്ച രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
മർദ്ദനത്തെ തുടർന്ന് നെഞ്ചിനും, നട്ടെല്ലിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്. പുന്നപ്ര സി.ഐ എം.യഹിയ, എസ്.ഐമാരായ അജിത് കുമാർ, അബ്ദുൾ റഹിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാടയ്ക്കൽ സഹകരണ ആശുപത്രി പരിസരത്തുനിന്നുമാണ് ഇന്നലെ സുരാജിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സുരാജിനെ റിമാൻഡ് ചെയ്തു.