
മഞ്ഞിൽ കൊവിഡിനെ കൂടുതൽ ഭയക്കണമെന്ന് വിദഗ്ദ്ധർ
ആലപ്പുഴ: കൊവിഡിനൊപ്പം നാട് മഞ്ഞുകാലത്തേക്കു കടക്കുമ്പോൾ വെല്ലുവിളികൾ ഏറെയെന്ന് വിദഗ്ദ്ധർ. വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും രണ്ടാം വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന മൂന്നു മാസങ്ങൾ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമെന്നാണ് വിലയിരുത്തുന്നത്.
കൊവിഡ് വൈറസിന് ഏറ്റവും അനുകൂല സാഹചര്യം തണുപ്പു തന്നെയാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പൊതുവേ തണുപ്പു കുറവാണെങ്കിലും നവംബർ മുതൽ ജനുവരി വരെ മഞ്ഞുകാലമാണ്. ഈ കാലത്താണ് വൈറൽ രോഗങ്ങൾ കൂടുതലായി മുൻ വർഷങ്ങളിൽ പകർന്നത്. ഇതോടൊപ്പമാണ് ഇത്തവണ കൊവിഡ് വെല്ലുവിളിയായി നിൽക്കുന്നത്.
വൈറസ് ബാധിതരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. ചെറിയ ചുമ പോലും നിസാരമായി കാണരുത്. കൊവിഡിന്റെ രണ്ടാം വരവ് ഒഴിവാക്കാൻ ജാഗ്രതയാണ് ആവശ്യം. ആഘോഷങ്ങളും ആർഭാടങ്ങളും ഉണ്ടാകുന്ന മുഴുവൻ പരിപാടികളും ഒഴിവാക്കിയാൽ ഒരു പരിധിവരെ രണ്ടാം വരവിനെ തടയിടാൻ കഴിയുമെന്ന വിശ്വാസമാണ് ആരോഗ്യ വകുപ്പിനുള്ളത്.
ഉത്സവ കാലം
മഞ്ഞുകാലം സംസ്ഥാനത്ത് ഉത്സവകാലം കൂടിയാണ്. മണ്ഡലകാലം, ക്രിസ്മസ്, പുതുവത്സരാഘോഷം, ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ എന്നിവ മഞ്ഞുകാലത്താണ് നടക്കുന്നത്.
രണ്ടാമതും വരാം
ഒരിക്കൽ വന്നവർക്കും മഞ്ഞുകാലത്ത് വീണ്ടും കൊവിഡ് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. രോഗം വന്നവരിൽ അടുത്ത ഏഴ് മാസത്തേക്ക് പ്രതിരോധ ശേഷിയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടും. സംസ്ഥാനത്ത് ഇതിനോടകം മൂന്ന് ലക്ഷത്തിൽ അധികം പേർക്ക്, അവരറിയാതെ കൊവിഡ് വന്നുപോയിട്ടുണ്ട്. ജില്ലയിൽ 30,000 പേർ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവർക്ക് രോഗം വീണ്ടും വരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഞ്ഞ് കാലത്താണ് വൈറസ് രോഗങ്ങൾ കൂടതൽ ശക്തിപ്രാപിക്കാറുള്ളത്. നവംബർ മുതൽ ജനുവരി വരെയുള്ള സമയത്ത് സംസ്ഥാനത്ത് വൈറൽ പനിയും മറ്റുരോഗങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തവണ വൈറൽ പനക്ക് പുറമേ കൊവിഡും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ആസ്ത് മ, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗം, പ്രമേഹം, വൃക്ക രോഗങ്ങൾ എന്നിവരുള്ളവർ ജാഗ്രത കാട്ടണം. 65 വയസ് കഴിഞ്ഞവരും പത്ത് വയസിന് താഴെയുള്ളവരും ഗർഭിണികളും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ
പ്രൊഫ. ഡോ. ബി.പത്മകുമാർ, മെഡിസിൻ വിഭാഗം, മെഡിക്കൽ കോളേജ്, ആലപ്പുഴ
രോഗവ്യാപനം തടയാൻ നിലവിലുള്ള പ്രതിരോധ നിർദ്ദേശങ്ങൾ പൂർണ്ണമായും ജനങ്ങൾ പാലിക്കണം. മാസ്ക്, സാമൂഹിക അകലം, സാനിട്ടൈസർ, കൈകൾ കഴുകുക തുടങ്ങിയ നിർദേശങ്ങൾ കൃത്യമായി പാലക്കണം
ഡോ.സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ്, ആലപ്പുഴ
790 പേർക്ക് കൊവിഡ്,രണ്ട് മരണം
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 12,566
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 790 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8264 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർവിദേശത്തു നിന്നും 57പേർ അന്യസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 717പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 366പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ ആകെ എണ്ണം 22449 ആയി. ആലപ്പുഴ കനാൽ വാർഡ് സ്വദേശി ലിനോസ് (74),വെള്ളക്കിണർ സ്വദേശി അബ്ദുൾ കലാം (65) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
41 കേസുകൾ, 13 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 41 കേസുകളിൽ 13 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 284 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1115 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയ എട്ടു കേസുകളിൽ 62 പേർക്കും എതിരെ നടപടി എടുത്തു.