s

ആലപ്പുഴ: ഹയർസെക്കൻഡറി ഒന്നാംവർഷ അഡ്മിഷൻ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 10,983 ഏകജാലക സീറ്റുകൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നു. മാനേജ്മെന്റ്, അൺ എയ്ഡഡ് സീറ്റുകളുടെ എണ്ണം ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല.

നിലവിലുള്ള ഒഴിവുകളിലേക്ക് കോമ്പിനേഷൻ മാറ്റവും സ്കൂൾമാറ്റവും ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് 43528 സീറ്റുകളായിരുന്നു. ഒഴിഞ്ഞുകിടന്നിരുന്നത്. ആ സീറ്റുകളിലേക്ക് വിഷയമാറ്റത്തിനും സ്കൂൾ മാറ്റത്തിനും അവസരം നിഷേധിച്ചു കൊണ്ട് സപ്ലിമെന്ററി അലോട്ട്മെൻറ് നടത്തിയതിലൂടെ മെരിറ്റ് അട്ടിമറിക്കപ്പെട്ടതായി പരാതി വ്യാപകമായിരുന്നു. ഏകജാലക അഡ്മിഷൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മാനേജ്മെൻറ്, അൺ എയ്ഡഡ് അഡ്മിഷനുള്ള ലിങ്ക് പിൻവലിച്ചിരുന്നു. മുൻവർഷങ്ങളിലെ പോലെ തന്നെ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് (2185). ഒരു ബാച്ചിൽ 50 കുട്ടികളാണുള്ളതെങ്കിലും വർഷാവർഷം പ്രത്യേക ഉത്തരവിലൂടെ സീറ്റ് വർദ്ധന അനുവദിക്കുകയാണ് പതിവ്. തെക്കൻ ജില്ലകളിൽ ഇത്തവണ 10ശതമാനം സീറ്റ് വർദ്ധന അനുവദിച്ചപ്പോൾ വടക്കൻ ജില്ലകളിൽ അത് 20ശതമാനം ആയിരുന്നു.

ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ

സയൻസ് -5830

കൊമേഴ്സ് - 2880

ഹ്യുമാനിറ്റീസ്- 2273

ശാസ്ത്രീയ പഠനം നടത്താതെയുള്ള സീറ്റ് വർദ്ധന ഇങ്ങനെ തുടർന്നാൽ സംസ്ഥാനത്ത് പല ഹയർ സെക്കൻഡറി ബാച്ചുകളും സ്കൂളുകളും ലാഭകരമല്ലാതായി മാറുന്ന സ്ഥിതിയാണ്

- എസ്.മനോജ് (ജനറൽ സെക്രട്ടറി എ എച്ച് എസ് ടി എ )