
ആലപ്പുഴ: കണ്ണാടി കവല എൻ. കെ. ആർ കല്ലാപ്പുറം മാതൃകാ റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക് . ജില്ലാ പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളേജ്, കൊല്ലം ടി. കെ. എം എൻജിനിയറിംഗ് കോളേജ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി വാറങ്കൽ എന്നീ സാങ്കേതിക വിദ്യാലയങ്ങളിലെ എൻജിനീയർമാരുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മാതൃക റോഡ് നിർമ്മിക്കുന്നത്.
ഈ പദ്ധതിയിൽ 30 മീറ്റർ നീളം വരുന്ന 16 വ്യത്യസ്ത രീതികളിലാണ് റോഡ് നിർമ്മാണം . പി. എം. ജി. എസ്. വൈ പോലുള്ള റോഡുകൾക്ക് ഐ. ഐ. ടി വിഭാവനം ചെയ്ത സെൽഫിൽഡ് പേവ്മെന്റ്, ഷോർട്ട് പാനൽ കോൺക്രീറ്റ് എന്നീ നിർമാണരീതിയും ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നു.
വെള്ളത്തിന്റെ സാന്നിധ്യത്തിൽ റോഡിലെ കല്ലുകൾ ഇളകിപ്പോകുന്നത് തടയാൻ വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന നിർമ്മാണ രീതിയായ ഇമേൽസിഫയിട് അഗ്രിഗേറ്റ് ബെയ്സ് രീതിയാണ് ഈ റോഡിൽ ഉപയോഗിക്കുന്നത്. ഈ നിർമ്മാണ രീതിയിൽ ചെലവ് കൂടുതലാണെങ്കിലും ഈടുറ്റ റോഡുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും. ചെലവുചുരുക്കാനായി പുതിയ കല്ലുകൾ ഉപയോഗിക്കുന്നതിനു പകരം ഹൈവേകളിൽ നിന്ന് പൊളിച്ചു മാറ്റിയ പഴയ കല്ലുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനായി എൻ. എച്ച് 66ൽ നിന്ന് പൊളിച്ചു മാറ്റിയ പഴയ കല്ലുകൾ മന്ത്രി ജി സുധാകരൻ ഇടപെട്ടാണ് ജില്ലാ പഞ്ചായത്തിനു ലഭ്യമാക്കിയതെന്ന് പ്രസിഡന്റ് ജി. വേണുഗോപാൽ അറിയിച്ചു.