tv-r

അരൂർ : വീട്ടുമുറ്റത്തെ നെൽകൃഷിയിൽ നൂറുമേനി വിളവ് കൊയ്തെടുത്ത് അബ്ദുൾ ഖാദർ മാഷ്. 34 വർഷത്തെ അദ്ധ്യാപന ജീവിതത്തിനു ശേഷം കൃഷിയിലേക്കിറങ്ങിയ അരൂർ പഞ്ചായത്ത് ആറാം വാർഡിൽ ടി.എ.അബ്ദുൾ ഖാദറിന് ഇപ്പോൾ പ്രായം 82ആയി. 40 സെന്റ് സ്ഥലത്ത് ഇദ്ദേഹം ചെയ്യാത്ത കൃഷികളില്ല. ഇരുപത് സെന്റിലാണ് നെൽകൃഷി.1960 മുതൽ നെല്ലിന്റെ വിവിധ ഇനങ്ങൾ മാഷ് വീട്ടുമുറ്റത്ത് കൃഷി ചെയ്തു വന്നിരുന്നു. ബസുമതി, ചെട്ടു വിരിപ്പ്, ജീരകശാല, ഐ.ആർ എട്ട്, കുറുക, ഔഷധ ഇനമായ രക്തശാലി അങ്ങനെ വിവിധ ഇനങ്ങൾ ഈ വീട്ടുമുറ്റത്ത് വിളഞ്ഞിട്ടുണ്ട്. ഇത്തവണ ഉമ ഇനത്തിലെ വിത്താണ് ഉപയോഗിച്ചത്. കൃഷിയെ ഒരു അദ്ധ്വാനത്തിലേറെ വിനോദമായാണ് മാഷ് കാണുന്നത്. വിവിധ ഇനം പചക്കറികളും മാഷിന്റെ വീട്ടുമുറ്റത്ത് കരുത്തോടെ വളരുന്നു.

അബ്ദുൾ ഖാദർ മാഷിന്റെ വീട്ട് മുറ്റത്തെ നെൽകൃഷിയുടെ കൊയ്ത്തുത്സവം മാരിടൈം ബോർഡ് അംഗം എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ആനി പി. വർഗ്ഗീസ്, കൃഷി അസിസ്റ്റന്റുമാരായ ആതിര, ചിത്ര, ശ്യാം ,കിസാൻ സഭ. മണ്ഡലം കമ്മിറ്റി അംഗം ബാബു തരകൻ ,പഞ്ചായത്ത് അംഗം സീനാ അരവിന്ദ്, എ.ഡി.സി. ആംഗങ്ങളായ രവീന്ദ്രൻ പിള്ള, അഗസ്റ്റിൻ, എം.പി.ബിജു, ഒ.കെ.മോഹനൻ എന്നിവർ പങ്കെടുത്തു