മാവേലിക്കര: കേരള പാരാമെഡിക്കൽ ലാബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് മാവേലിക്കര ജില്ലാ ആശുപത്രിക്കുമുന്നിലും മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലും ധർണ നടത്തി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കുക, മെഡിക്കൽ ലബോറട്ടറി മേഖലയിലെ കുത്തകവത്കരണം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ നടന്ന ധർണ വ്യാപാരി വ്യവസായി സമതി ചാരുമ്മൂട് ഏരിയ ജോ.സെക്രട്ടറി ഷാജി അറഫ ഉദ്ഘാടനം ചെയ്തു. കെ.പി.എൽ.ഒ.എഫ് ജില്ലാ എക്സിക്യൂട്ടിവ് അംഗം കാർത്തികേയൻ.വി അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം രാജീവ്കുമാർ, സതീഷ്, ഓമന, വിജയ് ചെന്നിത്തല, രതീഷ് എന്നിവർ സംസാരിച്ചു. താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി അംഗം സുനിൽ മാജിക് ഉദ്ഘാടനം ചെയ്തു. കെ.പി.എൽ.ഒ.എഫ് മാവേലിക്കര താലൂക്ക് പ്രസിഡന്റ് എസ്.രാകേഷ് അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം രാജീവ് കുമാർ, കുട്ടൻ കരിപ്പുഴ, ശ്രീകല, പുഷ്പ എന്നിവർ സംസാരിച്ചു.