
ചാരുംമൂട്: പാലമേൽ പഞ്ചായത്ത് മുതുകാട്ടുകര വാർഡിലെ പ്രധാനപ്പെട്ട രണ്ടു റോഡുകളെ ബന്ധിപ്പിക്കുന്ന മഠത്തിലയ്യത്ത്- പുളിമൂട്ടിൽ റോഡിന്റെ നിർമ്മാണത്തെ തടസ്സപ്പെടുത്തുന്നത് സ്വകാര്യ പുരയിടത്തിൽ നിൽക്കുന്ന ആഞ്ഞിലിമരം. മരം അടിയന്തിരമായി വെട്ടിമാറ്റാൻ ഉടമ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഇടപ്പോൺ, പടനിലം ഭാഗത്തു നിന്നു പാറ ജംഗ്ഷനിൽ എത്താതെ നൂറനാട് പബ്ലിക് മാർക്കറ്റിലേക്കും കെ.പി റോഡിലേക്കും വേഗമെത്താൻ സാധിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. മുതുകാട്ടുകര കളീക്കൽ മുക്ക് മുതൽ പുളിമൂട്ടിൽ വരെ നിലവിൽ റോഡുണ്ട്. അവിടെ നിന്ന് ഇടമല - നൂറനാട് ജംഗ്ഷൻ റോഡിലെ മഠത്തിലയ്യത്ത് റോഡുമായി ബന്ധിപ്പിക്കുന്നതിനു നടുവിലായിട്ടാണ് റോഡിലേക്ക് ഇറങ്ങി ആഞ്ഞിലിമരം നിൽക്കുന്നത്. മരം വളർന്നതിനാൽ വഴി അടഞ്ഞ അവസ്ഥയാണ്.