ചെങ്ങന്നൂർ : കഴിഞ്ഞ ദിവസം ചെങ്ങന്നൂർ പുത്തൻവീട്ടിൽപ്പടിക്ക് സമീപം വെച്ച് വാഹനാപകടത്തിൽ കിഷോർ കരുണാകരൻ മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി ബി.ഡി.ജെ.എസ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ഒരു സംഘം കുന്നത്തുമല ഭാഗത്തെ ഒരു വീട്ടിൽ സ്ഥിരമായി തമ്പടിക്കാറുണ്ട്. കിഷോറിനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്ന സംഘം അന്ന് ഈ വീട്ടിലും എത്തിയിരുന്നു. കിഷോർ സഞ്ചരിച്ച ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിച്ചത് പ്രമുഖപാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. കിഷോർ മുമ്പ് ഫേസ്ബുക്കിലൂടെ കേരളത്തിലെ ഭരണകക്ഷിക്കെതിരെ നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിനെതിരെ ഭീഷണി നേരിട്ടിരുന്നതായി ബി.ഡി.ജെ.എസ് ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ആർ. രമേശ് ബാബു, ജില്ലാ ട്രഷറർ മോഹനൻ കൊഴുവല്ലൂർ, നിയോജകമണ്ഡലം പ്രസിഡന്റ് രാജു മാലിക്ക്, സെക്രട്ടറി രവി പാറപ്പാട്, വൈസ് പ്രസിഡന്റ് അനീഷ് പാണ്ടനാട് എന്നിവർ പങ്കെടുത്തു.