മാന്നാർ: സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായ വാഴേൽമുക്ക്- കുര്യത്ത് കടവ് റോഡിന്റെ ദുരവസ്ഥയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) പ്രതിഷേധിച്ചു. പുരാതനമായ പാവുക്കര സെന്റ് പീറ്റേഴ്സ് ദേവാലയത്തിലേക്കുള്ള പ്രധാന മാർഗമാണിത്. മാന്നാർ മഹാത്മ ജലോത്സവത്തിന്റെ ഫിനിഷിംഗ് പോയിന്റ് ഈ വഴി അവസാനിക്കുന്ന കടവിലാണ്. റോഡ് പുനർ നിർമ്മിക്കാൻ 5.5 ലക്ഷം എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും പണി ആരംഭിച്ചിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഡൊമനിക് ജോസഫ് പറഞ്ഞു.