മാന്നാർ : കുട്ടംപേരൂർ ആറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ആക്ഷേപങ്ങളും സമരങ്ങളും നാടിന്റെ വികസനം ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് സജി ചെറിയാൻ എം.എൽ.എ, ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിശ്വംഭരപ്പണിക്കർ, വൈസ് പ്രസിഡന്റ് പുഷ്പലത മധു എന്നിവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു. ഇത് വരെ ബില്ലുകൾ പോലും മാറാത്ത പ്രവൃത്തിയിലാണ് അഴിമതി ആരോപിക്കുന്നത്. ആദ്യ ഘട്ട പണിയുടെ നാല്പത് ശതമാനം മാത്രമാണ് പൂർത്തിയായത്. സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് താമസം നേരിട്ടത്. ഇപ്പോൾ പണി വീണ്ടും ആരംഭിച്ചു. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. ഉടൻ പണി ആരംഭിക്കും. പായലും പോളയും ചെളിയും നിറഞ്ഞു ഒഴുക്ക് നിലച്ച കുട്ടമ്പേരൂർ ആറിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ അതിസാഹസികമായ ഇടപെടലിനെ തുടർന്നാണ് നീരൊഴുക്ക് പുന : സ്ഥാപിക്കാൻ കഴിഞ്ഞത്.
ആറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് . നിർമാണ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തിന് ഒരു ഉത്തരവാദിത്വവുമില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സമരങ്ങൾ നാടിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കാൻ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് എം.എൽ.എയും പഞ്ചായത്ത് ഭരണാധികാരികളും പറഞ്ഞു.