ചേർത്തല:അനശ്വരകവി വയലാർ രാമവർമ്മ രചിച്ച സിനിമാഗാനം 'ചക്രവർത്തിനി നിനക്കു ഞാനെന്റെ' ... കഥകളിയായി അരങ്ങത്തെത്തി. ഇന്നലെ വയലാറിന്റെ ചരമവാർഷിക ദിനത്തിൽ യൂടൂബിലാണ് ഇത് റിലീസ് ചെയ്തത്.പിന്നീട് വയലാറിന്റെ വീട്ടിലും പൊതുവേദികളിലും അവതരിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. കലാമണ്ഡലം ഗണേശനാണ് കഥകളി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വാരനാട് സനൽകുമാർ,ബി.മാളവിക എന്നിവരുടെതാണ് അവതരണം. കലാമണ്ഡലം സജീവനും കലാമണ്ഡലം കൃഷ്ണകുമാറുമാണ് സംഗീതം .കലാമണ്ഡലം അഖിൽ, കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും നാട്യകല പ്രഭാകരക്കുറുപ്പ്, കലാനിലയം രാകേഷ് മദ്ദളവും നിർവഹിച്ചു.വയലാർ രാമവർമ്മയുടെ മകൻ ശരത്ചന്ദ്രവർമ്മയുടെ ആമുഖത്തോടെയാണ് 15മിനി​റ്റ് നീളുന്ന പരിപാടി തുടങ്ങുന്നത്.ഗാനരചയിതാവും അവതാരകനുമായ ബിയാർ പ്രസാദ് 2 വർഷം മുൻപ് പങ്കിട്ട ആശയത്തിന്റെ ചുവടുപിടിച്ചാണ് അഞ്ച് പതി​റ്റാണ്ടായി കഥകളി രംഗത്തുള്ള കലാമണ്ഡലം ഗണേശൻ ചക്രവർത്തിനി ഗാനദൃശ്യം കഥകളിയായി ചിട്ടപ്പെടുത്തിയത്.

വയലാറിന്റെ ചരമവാർഷികത്തിൽ വയലാറിന്റെ കുടുംബവീട്ടിൽ ആദ്യ അവതരണം ലക്ഷ്യമിട്ടെങ്കിലും കൊവിഡ് സാഹചര്യം മൂലം ഓൺലൈനായി യുടൂബ് ചാനലിൽ റിലീസ് ചെയ്യുകയായിരുന്നു.

1972ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ചെമ്പരത്തി' എന്ന സിനിമയ്ക്കായി വയലാർ എഴുതി ദേവരാജൻ സംഗീതം പകർന്നതാണ് ചക്രവർത്തിനി...എന്ന ഗാനം.